തുടർച്ചയായ ഒൻപതാം രാത്രിയിലും ഇറാനിൽ യു.എസ് ആക്രമണം; മിഡിൽ ഈസ്റ്റിൽ പൂർണ്ണ യുദ്ധഭീതി
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി യു.എസ് സൈന്യം ഇറാനിൽ കനത്ത ആക്രമണം തുടരുന്നു. തുടർച്ചയായ ഒൻപതാം രാത്രിയിലും ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. ഇതിനിടെ, സിറിയയിലെ യു.എസ് കമാൻഡ് സെന്ററിന് നേരെ തിരിച്ച് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇറാഖിൽ ഒരു യു.എസ് സൈനികൻ കൂടി കൊല്ലപ്പെട്ടതോടെ മേഖല പൂർണ്ണ തോതിലുള്ള യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
സിറിയയിലെ അൽ-തൻഫ് (Al-Tanf) മേഖലയിലുള്ള ശത്രു സൈന്യത്തിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) അറിയിച്ചു. ഇറാഖിൽ വെടിവെച്ചിട്ട ഇറാനിയൻ ഡ്രോണിൽ നിന്നുള്ള പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ ആക്രമണ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് സെക്യൂരിറ്റി അലേർട്ട് നൽകിയിട്ടുണ്ട്.