യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍; മദര്‍ തെരേസയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കം

 
Maother therese

കൊല്‍ക്കത്ത: ഭാരതത്തില്‍ നടത്തുന്ന നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര പര്യടനത്തിന് ആത്മീയതയുടെയും ആര്‍ദ്രതയുടെയും പുണ്യഭൂമിയില്‍ നിന്നും തുടക്കം കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.  ഭാരതത്തിലേക്കുള്ള തന്റെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ അദ്ദേഹം, ആദ്യമായി സന്ദര്‍ശിച്ചത് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദര്‍ ഹൗസ്’ ആണ്.  

ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും രോഗികളെയും സ്‌നേഹത്തോടെ പരിചരിച്ച മദറിന്റെ തിരുശേഷിപ്പുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനും അനുഗ്രഹം വാങ്ങാനുമായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി എത്തിയതെന്ന് മിഷണറീസ് ഓഫ് ചാരിറ്റിയുടെ സെക്രട്ടറി ജനറലായ സിസ്റ്റര്‍ കോണ്‍സെറ്റിന പറഞ്ഞു. ‘മദര്‍ ഹൗസ് സന്ദര്‍ശിക്കണമെന്നതും മദറിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങണമെന്നതും അദ്ദേഹത്തിന്റെ തന്നെ ആഗ്രഹമായിരുന്നു. അദ്ദേഹത്തെ ഇവിടെ സ്വാഗതം ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു.  ഒരു ‘കുടുംബസംഗമം’ പോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്,’ സിസ്റ്റര്‍ കോണ്‍സെറ്റിന പറഞ്ഞു.

ഭാര്യ ജീനറ്റ് റൂബിയോ, യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവര്‍ക്കൊപ്പമാണ് റൂബിയോ മദര്‍ ഹൗസില്‍ എത്തിയത്.  14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.  മദര്‍ ഹൗസിലെ ശാന്തവും ആത്മീയവുമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയോടെ സമയം ചെലവഴിച്ച ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മറ്റ് നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി മാര്‍ക്കോ റൂബിയോ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചു.

Tags

Share this story

From Around the Web