യുഎസ് ഉപരോധങ്ങൾ ക്യൂബൻ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെയും ജനങ്ങളുടെ പ്രതീക്ഷകളെയും തകർക്കുന്നു

 
0999

യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കഠിനമായ സാമ്പത്തിക ഉപരോധങ്ങൾ അവിടത്തെ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ-ആത്മീയ പ്രവർത്തനങ്ങളെയും സാധാരണ ക്യൂബൻ ജനതയെയും സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഈ ഉപരോധങ്ങൾ, ക്യൂബൻ ജനതയ്ക്ക് പ്രത്യാശയും സഹായവും നൽകുന്ന സഭയുടെ ശേഷിയെ ഇല്ലാതാക്കുകയാണെന്ന് നാഷണൽ കാത്തലിക് റിപ്പോർട്ടർ (NCR) പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.

60 വർഷത്തിലേറെയായി ക്യൂബയ്ക്കെതിരെ യുഎസ് സാമ്പത്തിക ഉപരോധം തുടരുകയാണ്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് ഉപരോധങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നെങ്കിലും, തുടർന്നുവന്ന ഭരണകൂടങ്ങൾ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുകയായിരുന്നു.

അടുത്തിടെ ഇന്ധന വിതരണത്തിന്മേൽ ഏർപ്പെടുത്തിയ വിലക്ക് രാജ്യത്തെ കടുത്ത ഊർജപ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. തുടർച്ചയായ വൈദ്യുതി തടസ്സങ്ങൾ ആശുപത്രികളുടെയും സ്കൂളുകളുടെയും പ്രവർത്തനങ്ങളെ തകിടം മറിച്ചു. ഇതിന്റെ ഫലമായി ക്യൂബൻ കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ നൽകിവന്നിരുന്ന അടിസ്ഥാന ആഹാരസാധനങ്ങൾ വാങ്ങാനോ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ നിലനിർത്താനോ ക്യൂബൻ സർക്കാരിന് കഴിയുന്നില്ല. ഇന്ധന ഉപരോധം മൂലം രാജ്യത്തെ വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് ഈ മാനുഷിക പ്രതിസന്ധിക്ക് പ്രധാന കാരണം. മണിക്കൂറുകളോളം നീളുന്ന വൈദ്യുതി തടസ്സം കുട്ടികളുടെ പരിചരണ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരിക്കുന്നു. കൂടാതെ, രാജ്യാന്തര ബാങ്കുകളുടെ പിൻവാങ്ങലും വിദേശ നിക്ഷേപത്തിന്റെ ഇടിവും ക്യൂബൻ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായി തളർത്തിയിരിക്കുകയാണ്.

വഷളായിക്കൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും രാജ്യത്തെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് കഴിഞ്ഞ ജനുവരിയിൽ ക്യൂബൻ മെത്രാന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബൻ സർക്കാർ നിക്ഷേപങ്ങളിലും വ്യാപാരങ്ങളിലും വലിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, യുഎസ് ഉപരോധം വരുത്തിവെച്ച നാശനഷ്ടങ്ങളെ മറികടക്കാൻ അവയ്ക്ക് സാധിക്കുന്നില്ല എന്നതും പ്രധാന കാരണമാണ്.

പൊതുജനങ്ങളുടെ ദുരിതങ്ങൾക്കൊപ്പം കത്തോലിക്കാ സഭയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ക്യൂബൻ സഭ മുൻകൈയെടുത്ത് മുൻപ് ഉണ്ടാക്കിയ നയതന്ത്ര പുരോഗതികളും സമാധാന ശ്രമങ്ങളും ഈ കടുത്ത ഉപരോധങ്ങൾ കാരണം ഇപ്പോൾ ഭീഷണിയിലാണ്.

ഗ്യാസിന്റെയും വൈദ്യുതിയുടെയും അഭാവം മൂലം ക്യൂബയിലെ ഭൂരിഭാഗം ഇടവകകളിലേക്കും വിശുദ്ധ കുർബാനയ്ക്കുള്ള തിരുവോസ്തി (Holy Communion Hosts) നിർമ്മിച്ച് നൽകിയിരുന്ന കർമ്മലീത്താ സിസ്റ്റർമാർക്ക് തങ്ങളുടെ ഓവനുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഇതിനാൽ വിശുദ്ധ ബലി അർപ്പിക്കുന്നതിന് ആവശ്യമായ സഹായം തേടി സഭയ്ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്.

ദാരിദ്ര്യവും പട്ടിണിയും രൂക്ഷമായതോടെ ആത്മീയ ആശ്വാസത്തിനൊപ്പം ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും തേടി നിരവധി ആളുകളാണ് ദിവസവും പള്ളികളിൽ എത്തുന്നത്. പലരും ദിവസങ്ങളോളം പട്ടിണി കിടന്നാണ് എത്തുന്നതെന്നും, ദിവ്യബലി മധ്യേ ആളുകൾ ബോധരഹിതരായി വീഴുന്ന സംഭവങ്ങൾ പതിവായിട്ടുണ്ടെന്നും ക്യൂബൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് ആർതുറോ ഗോൺസാലസ് അമഡോർ സാക്ഷ്യപ്പെടുത്തുന്നു.

ക്യൂബയിലെ ദുർബലരായ ജനവിഭാഗങ്ങളെ സഹായിക്കാനും സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാനും സാധിക്കുന്ന ചുരുക്കം ചില പ്രസ്ഥാനങ്ങളിൽ ഒന്നാണ് കത്തോലിക്കാ സഭ. അതിനാൽ, ഇത്തരം മാനുഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ യുഎസും ക്യൂബയും നയതന്ത്ര ചർച്ചകളുടെ പാത സ്വീകരിക്കണമെന്ന് മാർപാപ്പയും ക്യൂബൻ മെത്രാൻ സമിതിയും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സഭയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന യുഎസ് നയങ്ങൾ യഥാർത്ഥത്തിൽ ശിക്ഷിക്കുന്നത് അവിടത്തെ സാധാരണക്കാരായ രോഗികളെയും പ്രായമായവരെയും കുട്ടികളെയുമാണെന്ന് മിഷിഗൺ ഫെയർഫീൽഡ് യൂണിവേഴ്സിറ്റി മുൻ പ്രസിഡന്റായ ജെസ്യൂട്ട് വൈദികൻ റവ. ഡോ. ജെഫ്രി വോൺ ആർക്സ് ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web