നൈജീരിയയിലെ ക്രൈസ്തവ പീഡനം: സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ശക്തമായി ഇടപെടണമെന്ന് യുഎസ് ജനപ്രതിനിധികള്‍
വാഷിംഗ്ടണ്‍ ഡിസി: നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങളും വംശീയ-മത സംഘര്‍ഷങ്ങളിലെ മരണസംഖ്യയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, നൈജീരിയന്‍ സര്‍ക്കാരിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ക്രിയാത്മകമായി ഇടപെടണമെന്ന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍.
ഇന്നലെ നവംബര്‍ 12 വ്യാഴാഴ്ച യു.എസ് ഹൗസ് ഫോറിന്‍ അഫയേഴ്സ് സബ് കമ്മിറ്റി ഓണ്‍ ആഫ്രിക്ക നടത്തിയ ഹിയറിംഗിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
മതസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സബ് കമ്മിറ്റി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നത്.
'നൈജീരിയയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് മറ്റു പലരെയും പോലെ ഞാനും സംശയിക്കുന്നു. അവിടെ എന്തെങ്കിലും യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ?' മിഷിഗണില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ബില്‍ ഹുയിസെംഗ ചോദ്യമുയര്‍ത്തി.
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയായില്‍ ഭീകരവാദം, കൊള്ള, തട്ടിക്കൊണ്ടുപോകല്‍, കൂട്ടക്കൊലകള്‍ എന്നിവ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഫുലാനി ഹെര്‍ഡ്‌സ്മാന്‍ ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളും ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്നിവരുമാണ് ഈ അക്രമങ്ങള്‍ക്ക് പിന്നില്‍.
അതേസമയം ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച യു.എസ്-നൈജീരിയ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറിമാരായ ഫ്രാങ്ക് ഗാര്‍സിയയും റൈലി ബാര്‍ണ്‍സും സമിതിയെ അറിയിച്ചു. നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.