മാതാവിന്റെ അമലോത്ഭവ തിരുനാള്‍ദിനത്തില്‍ മറിയത്തെ ആദരിച്ച് യുഎസ് പ്രസിഡന്റ്

 
TRUMPH


വാഷിംഗ്ടണ്‍, ഡി.സി:  മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ദിനത്തില്‍ മറിയത്തെ ആദരിച്ചും അമേരിക്കന്‍ ചരിത്രത്തില്‍  മറിയത്തിന്റെ പ്രാധാന്യം  അനുസ്മരിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് അമലോത്ഭവ മാതാവിന്റെ തിരുനാള്‍ദിനത്തില്‍ ഇത്തരമൊരു സന്ദേശം നല്‍കുന്നത്.


മംഗളവാര്‍ത്ത ദിനത്തില്‍ മറിയം ദൈവപുത്രന്റെ അമ്മയാകാന്‍ നല്‍കിയ സമ്മതം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണെന്ന് പ്രസിഡന്റ് ട്രംപിന്റെ സന്ദേശത്തില്‍ പറയുന്നു. മറിയം പൂര്‍ണ ശരണത്തോടെയും എളിമയോടെയും ദൈവഹിതത്തിന് സമ്മതം നല്‍കി.


 മറിയത്തിന്റെ തീരുമാനം മാനവകുലത്തിന്റെ ചരിത്രം എന്നന്നേക്കുമായി മാറ്റിമറിച്ചു. മറിയത്തിന്റെ പുത്രനായി ജനിച്ച യേശു പാപങ്ങളുടെ മോചനത്തിനും ലോകത്തിന്റെ രക്ഷയ്ക്കുമായി കുരിശില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.


ബിഷപ് ജോണ്‍ കരോള്‍ അമേരിക്കയെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചതും ന്യൂ ഓര്‍ലിയന്‍സ് യുദ്ധത്തില്‍ ജയിക്കുന്നതിനായി മറിയം നല്‍കിയ മാധ്യസ്ഥസഹായം കത്തോലിക്കര്‍ അനുസ്മരിക്കുന്ന ന്യൂ ഓര്‍ലിയന്‍സ് വാര്‍ഷിക കൃതജ്ഞതാബലിയും ട്രംപ്  പരാമര്‍ശിച്ചു. 

വിശുദ്ധ എലിസബത്ത് ആന്‍ സെറ്റണ്‍, വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കാബ്രിനി, ധന്യന്‍ ഫുള്‍ട്ടണ്‍ ഷീന്‍ എന്നിവരുള്‍പ്പെടെയുള്ള 'അമേരിക്കന്‍ ഇതിഹാസങ്ങള്‍' 'മറിയത്തോട് ആഴമായ ഭക്തി പുലര്‍ത്തിയിരുന്നു' എന്നും നിരവധി അമേരിക്കന്‍ ദൈവാലയങ്ങള്‍, ആശുപത്രികള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് മറിയത്തിന്റെ നാമമാണുള്ളതെന്നും പ്രസിഡന്റ് അനുസ്മരിച്ചു. 

മറിയത്തിന്റെ മാധ്യസ്ഥം ഇന്നത്തെ ലോകത്തിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സംജാതമാക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്ന സന്ദേശം നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയോടെയാണ് പ്രസിഡന്റ് അവസാനിപ്പിക്കുന്നത്.

 ഉത്ഭവപാപത്തിന്റെ കറയില്ലാതെ മറിയം ഭൂജാതയായ സംഭവമാണ് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ തിരുസഭ ആഘോഷിക്കുന്നത്.

Tags

Share this story

From Around the Web