ഇറാന്റെ വധഭീഷണിയെത്തുടർന്ന് വിമാനം മാറി ഡോണാൾഡ് ട്രംപ്, രഹസ്യനീക്കം സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ്

 
donald trump

വാഷിങ്ടൺ: ഇറാന്റെ വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്കുശേഷമുള്ള മടക്കയാത്രയിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അതീവ രഹസ്യമായി വിമാനം മാറി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ട്രംപ് സഞ്ചരിച്ച പ്രധാന വിമാനം ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള ഡെക്കോയ് (Decoy) ആയി ഉപയോഗിക്കുകയും, അദ്ദേഹത്തെ കാറ്ററിങ് ട്രക്കിൽ ഒളിപ്പിച്ച് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റുകയുമായിരുന്നു. സംഭവം സത്യമാണെന്ന് ട്രംപ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.

ജൂലൈയിൽ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ട്രംപ് തുർക്കിയിലെത്തിയത്. ഖത്തർ സമ്മാനമായി നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് വിമാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. എന്നാൽ ഇറാനുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടയിൽ, ട്രംപിനെയോ അദ്ദേഹത്തിന്റെ വിമാനത്തെയോ ലക്ഷ്യമിട്ട് വധഭീഷണിയുണ്ടെന്ന് അമേരിക്കൻ-ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഖത്തർ നൽകിയ വിമാനത്തിന് പഴയ എയർ ഫോഴ്സ് വൺ വിമാനങ്ങളേക്കാൾ പ്രതിരോധ ശേഷി കുറവാണെന്ന ആശങ്കയും ഉയർന്നിരുന്നു.

തുടർന്ന് യു.എസ് സീക്രട്ട് സർവീസും സൈന്യവും ചേർന്ന് അടിയന്തര സുരക്ഷാ പദ്ധതി തയ്യാറാക്കുകയായിരുന്നു. ക്യാമറകൾക്ക് മുന്നിൽ വച്ച് ട്രംപ് പ്രധാന വിമാനത്തിൽ കയറിയെങ്കിലും, ഉള്ളിൽ പ്രവേശിച്ച ഉടൻ തന്നെ വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കിലേക്ക് അദ്ദേഹത്തെ രഹസ്യമായി മാറ്റുകയായിരുന്നു. ഈ ട്രക്കിലാണ് അദ്ദേഹത്തെ ബോയിങ് സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് എത്തിച്ചത്.

പ്രസിഡന്റ് തങ്ങളോടൊപ്പമുണ്ടെന്ന ധാരണയിൽ മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും ഡെക്കോയ് ആയി ഉപയോഗിച്ച ആദ്യ വിമാനത്തിൽ തന്നെ യാത്ര തുടർന്നു. ട്രംപിന്റെ യഥാർത്ഥ ലൊക്കേഷൻ ശത്രുക്കൾക്ക് മനസ്സിലാകാതിരിക്കാനാണ് ഈ സുരക്ഷാ തന്ത്രം പ്രയോഗിച്ചത്. ഇരുവിമാനങ്ങളും ബ്രിട്ടനിലെ ആർ.എ.എഫ് മിൽഡൻഹാളിലാണ് ഇറങ്ങിയത്. ട്രംപ് സഞ്ചരിച്ച ചെറുവിമാനം രാത്രി 10:20 ഓടെയും, തൊട്ടുപിന്നാലെ എയർ ഫോഴ്സ് വണ്ണും അവിടെ ലാൻഡ് ചെയ്തു.

സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായി അനുസരിക്കുകയാണ് ചെയ്തതെന്നാണ് വിമാനമാറ്റത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. ഭീഷണിയുടെ വിശദാംശങ്ങൾ ചോദിച്ചില്ലെന്നും തനിക്ക് ധാരാളം ഭീഷണികൾ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. "പ്രാധാന്യമുള്ള ഏത് പ്രസിഡന്റിനും ഇത്തരം നിരവധി ഭീഷണികൾ നേരിടേണ്ടി വരും. പ്രാധാന്യമില്ലാത്ത പ്രസിഡന്റുമാർക്ക് ഭീഷണികളുണ്ടാകാറില്ല. ഞാൻ ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പ്രസിഡന്റായിരിക്കാം," ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചെങ്കിലും, താൻ സഞ്ചരിച്ച ചെറിയ സൈനിക വിമാനം കൂടുതൽ അപകടസാധ്യതയുള്ളതാണെന്നാണ് ട്രംപ് വിശ്വസിക്കുന്നത്.

അതേസമയം, വധഭീഷണിയെക്കുറിച്ച് യാതൊരു വിവരവും നൽകാതെ മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും ഡെക്കോയ് വിമാനത്തിൽ യാത്ര ചെയ്യിച്ചതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത് അവരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പ്രസിഡന്റിന്റെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവ് ച്യുങ് വ്യക്തമാക്കി.

Tags

Share this story

From Around the Web