ചൈനയുമായി യുഎസ് വ്യാപാര കരാര്‍ ഒപ്പു വച്ചു കഴിഞ്ഞെന്നും ഇന്ത്യയുമായുള്ള 'വമ്പന്‍' കരാര്‍ ഉടന്‍ വരുന്നുവെന്നും ട്രംപ്

ചൈനയുമായി യുഎസ് വ്യാപാര കരാര്‍ ഒപ്പു വച്ചു കഴിഞ്ഞെന്നും ഇന്ത്യയുമായുള്ള 'വമ്പന്‍' കരാര്‍ ഉടന്‍ വരുന്നുവെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഹൗസ് പാസാക്കിയ ബജറ്റ് ബില്ലിന്റെ ആഘോഷ വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അദ്ദേഹം പറഞ്ഞു: 'ആര്‍ക്കെങ്കിലും നിങ്ങളുമായി കരാര്‍ ഒപ്പിടാന്‍ താല്പര്യമുണ്ടോ എന്ന് ഏതാനും മാസം മുന്‍പ് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. ചൈനയുമായുള്ള കരാര്‍ ഇന്നലെ ഒപ്പുവച്ചു. അതില്‍ ചില വലിയ മെച്ചങ്ങളുണ്ട്.
'ഇനി ഒരു വമ്പന്‍ കരാര്‍ വരുന്നുണ്ട്. ഇന്ത്യയുമായി. വളരെ വലിയൊരു കരാര്‍. ഇന്ത്യയുടെ വിപണി നമ്മള്‍ തുറക്കുന്നു.
'എല്ലാവരുമായും കരാറിനു നമ്മള്‍ പോകുന്നില്ല. ചിലരോട് നമ്മള്‍ നന്ദി പറഞ്ഞു അവസാനിപ്പിക്കും. എന്നാല്‍ ചില വമ്പന്‍ ഡീലുകള്‍ ചെയ്യാന്‍ പോകുന്നു. ഇത്രയും നല്ല കാര്യങ്ങള്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മികച്ചതാണ്.'
എന്നാല്‍ ചൈനയുമായുള്ള കരാറിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല. ഇരു രാജ്യങ്ങളും കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള കരാറിനെ കുറിച്ച് ഏറെ ശുഭാപ്തി വിശ്വാസമുണ്ടെന്നു യുഎസ് കോമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് ഈ മാസമാദ്യം പറഞ്ഞിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ചര്‍ച്ച നയിക്കുന്ന വ്യാപാര-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ജൂണ്‍ 10നു പറഞ്ഞത് തൃപ്തികരമായ കരാര്‍ തയ്യാറാവുന്നു എന്നാണ്.