സമാധാനസേനാംഗങ്ങള്‍ക്ക് നേരെയുള്ള അക്രമത്തില്‍ കടുത്ത നടപടികളുമായി യു. എന്‍. രക്ഷാസമിതി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും, അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടും യു. എന്‍. രക്ഷാസമിതി പുതിയ പ്രമേയം പാസാക്കി.
സമാധാനസേനയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലെ കുറഞ്ഞ നിരക്ക് പരിഹരിക്കാന്‍ പ്രമേയം ആഹ്വാനം ചെയ്യുന്നു.
ഡെന്മാര്‍ക്കും പാക്കിസ്ഥാനും ചേര്‍ന്ന് തയ്യാറാക്കിയ ഈ പ്രമേയത്തെ 152 രാജ്യങ്ങള്‍ പിന്തുണച്ചു. രക്ഷാസമിതിയില്‍ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്.
സമാധാനസേനാംഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സമാധാനസേനാ ദൗത്യങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളോട് യു. എന്‍. ആവശ്യപ്പെട്ടു.
ഇത്തരം ആക്രമണങ്ങളില്‍ നിലവില്‍ വിചാരണയും ശിക്ഷാവിധികളും വളരെ കുറഞ്ഞ നിരക്കിലാണെന്നും, ഭാവിയില്‍ ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രമേയം വ്യക്തമാക്കുന്നു.
രക്ഷാസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം അതത് രാജ്യങ്ങള്‍ക്കാണെന്ന് ഓര്‍മ്മിപ്പിച്ച പ്രമേയം, അന്വേഷണങ്ങളുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നുണ്ട്.