നൈജീരിയന്‍ ക്രൈസ്തവരെ സംരക്ഷിക്കാന്‍ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍

ടെക്‌സാസ്/ അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെയും യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിലെയും (യുഎസ്സിഐആര്‍എഫ്) അംഗങ്ങള്‍ രംഗത്ത്.
ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന നൈജീരിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ആവശ്യപ്പെടുന്ന നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം, ടെക്‌സാസിലെ സെനറ്റര്‍ ടെഡ് ക്രൂസാണ് അവതരിപ്പിച്ചിരിക്കുന്നത്.
നൈജീരിയയിലുടനീളമുള്ള ക്രിസ്ത്യാനികളെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ വിശ്വാസത്തിന്റെ പേരില്‍ ലക്ഷ്യം വയ്ക്കുകയും വധിക്കുകയും ചെയ്യുന്നുവെന്നും കഠിനമായ ശരിയത്ത്, മതനിന്ദ നിയമങ്ങള്‍ക്ക് കീഴില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും ക്രൂസ് ചൂണ്ടിക്കാട്ടി.
നൈജീരിയന്‍ നേതാക്കള്‍ വിഷയത്തില്‍ പാലിക്കേണ്ട മര്യാദ കാണിച്ചിട്ടില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടെഡ് ബഡ്, പീറ്റ് റിക്കറ്റ്‌സ്, ജോഷ് ഹാവ്ലി, ജെയിംസ് ലാങ്ക്‌ഫോര്‍ഡ് എന്നിവരും ക്രൂസിനൊപ്പം നൈജീരിയന്‍ ക്രൈസ്തവരുടെ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ (സിപിസി) വീണ്ടും ചേര്‍ക്കണമെന്ന് സെനറ്ററുമാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് നേരെ തുടര്‍ച്ചയായ കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും ആരാധനാലയങ്ങള്‍ അഗ്‌നിയ്ക്കിരയാക്കലും നടന്നുവരികയാണെന്നു സഭാ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരിന്നു.
സമീപ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇസ്‌ളാമിക തീവ്രവാദികളുടെയും ഗോത്രവിഭാഗങ്ങളുടെയും ആക്രമണത്തെ തുടര്‍ന്നു കൊല്ലപ്പെട്ടത്. പതിനായിരകണക്കിന് ക്രൈസ്തവര്‍ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തിരിന്നു.
ക്രൈസ്തവര്‍ക്ക് സംരക്ഷണമോ നീതിയോ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട നൈജീരിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.