ആഫ്രിക്കന്‍ സഭയ്ക്കു പിന്തുണയുമായി വീണ്ടും അമേരിക്കന്‍ മെത്രാന്‍ സമിതി; 3 ദശലക്ഷം ഡോളറിന്റെ സഹായം വിതരണം ചെയ്തു

 
United

വാഷിംഗ്ടണ്‍ ഡി‌സി: മധ്യ ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായവുമായി അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി. ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം 97 ഗ്രാന്റുകളിലൂടെ 3 ദശലക്ഷം ഡോളറിന്റെ സഹായമാണ് മെത്രാന്‍ സമിതി കൈമാറിയിരിക്കുന്നത്.

'ആഫ്രിക്കയിലെ സഭയ്ക്കായുള്ള ഐക്യദാർഢ്യ നിധി' എന്ന പദ്ധതിയിലൂടെയാണ് സഹായം കൈമാറിയിരിക്കുന്നത്.

മാലി, സുഡാൻ, ബുർക്കിന ഫാസോ, 'ഹോൺ ഓഫ് ആഫ്രിക്ക' മേഖല എന്നിവിടങ്ങളിലെ വിവിധ പദ്ധതികളെയും സഹായ നിധി പിന്തുണയ്ക്കുന്നുണ്ട്.

സമാധാനത്തിനുള്ള അടിത്തറയൊരുക്കുന്ന പദ്ധതികളെയും ഒപ്പം സുവിശേഷവൽക്കരണം, ദൈവവിളി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, നേതൃത്വ പരിശീലനം, വിശ്വാസത്തിന്റെ മറ്റ് വശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളെയും സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള 'ആഫ്രിക്കയിലെ സഭയെക്കുറിച്ചുള്ള ഉപസമിതി'യുടെ അധ്യക്ഷനായ ആർച്ച് ബിഷപ്പ് തോമസ് സിൻകുല പ്രസ്താവിച്ചു. ആഫ്രിക്കയിലെ സഭയ്ക്കായുള്ള ഐക്യദാർഢ്യ നിധിയിലേക്ക് അമേരിക്കയിലെ വിശ്വാസികള്‍ നൽകുന്ന സംഭാവനകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ബൈബിളുകളും ജപമാലകളും വിതരണം ചെയ്യുന്നതിനായി "സുവിശേഷ സന്നദ്ധപ്രവർത്തകരെ" പരിശീലിപ്പിക്കാനും അവർക്ക് സൈക്കിളുകൾ ലഭ്യമാക്കാനും മരിയനിസ്റ്റ് സിസ്റ്റേഴ്സിനെ സഹായിച്ചിട്ടുണ്ടെന്നും മെത്രാന്‍ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

യാത്രാസൗകര്യം തീരെയില്ലാതിരുന്ന ഗ്രാമീണ മേഖലകളിലുള്ളവർക്ക് ഈ സൈക്കിൾ പദ്ധതി വളരെ പ്രയോജനകരമാണെന്നു സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ 'സൊസൈറ്റി ഓഫ് ഡോട്ടേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' അംഗമായ സിസ്റ്റർ അമല ഫ്രാൻസിസ് പറഞ്ഞു.

വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ചിന്തകൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുവാനും സ്കൂളുകളിൽ ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ ദൗത്യം നിറവേറ്റുവാനും 30 കന്യാസ്ത്രീകൾ സൈക്കിളുകൾ ഉപയോഗിക്കുന്നുണ്ടെന്നും സിസ്റ്റര്‍ അമല പറയുന്നു. മേഖലയുടെ സമഗ്ര വികസനത്തിനും തുക പ്രയോജനപ്പെടുത്തുന്നുണ്ട്.

Tags

Share this story

From Around the Web