നൈജീരിയയില്‍ വര്‍ദ്ധിച്ച് വരുന്ന ക്രൈസ്തവ വിരുദ്ധ പീഡനം: സഹായം നിര്‍ത്താന്‍ യുഎസ് ബില്‍
വാഷിംഗ്ടണ്‍ ഡി.സി: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് മറുപടിയെന്ന നിലയില്‍ ഓരോ വര്‍ഷവും നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കാന്‍ യുഎസ് ജനപ്രതിനിധി സഭയുടെ ബില്‍.
അടുത്ത സാമ്പത്തിക വര്‍ഷം നൈജീരിയ ഭരണകൂടത്തിന് നല്‍കുന്ന യുഎസ് സഹായം നിര്‍ത്തിവെക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 217 പേര്‍ ബില്ലിനെ അനുകൂലിച്ചു.
നൈജീരിയയിലെ ക്രിസ്ത്യാനികളുടെ സാഹചര്യവുമായി ബന്ധപ്പെട്ട് നിസംഗത പാലിക്കുന്ന ഭരണകൂടത്തിന് താക്കീത് നല്‍കുവാനുള്ള ഇടപെടലെന്ന രീതിയില്‍ വെസ്റ്റ് വിര്‍ജീനിയയില്‍ നിന്നുള്ള പ്രതിനിധി റൈലി മൂര്‍, ഫ്‌ലോറിഡയില്‍ നിന്നുള്ള പ്രതിനിധി ജെഫ് സ്റ്റ്യൂബ് എന്നീ രണ്ട് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് ബില്‍ അവതരിപ്പിച്ചത്.
നൈജീരിയയിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തിന്റെ നിലനില്‍പ്പിന് സഹായം വെട്ടിക്കുറയ്ക്കുന്നത് അനിവാര്യമാണെന്ന് വാദിച്ചുകൊണ്ട്, അതിനായുള്ള നടപടികള്‍ക്ക് മൂര്‍ നേരത്തെ തന്നെ ശക്തമായി വാദിച്ചിരുന്നു.
മതപരമായ അക്രമങ്ങള്‍ക്കിരയാകുന്ന ക്രിസ്ത്യന്‍ സമൂഹങ്ങളെ സംരക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നത് വരെ നൈജീരിയയ്ക്കുള്ള സഹായം പരിമിതപ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ബില്‍.
വിദേശരാജ്യങ്ങളിലെ മതസ്വാതന്ത്ര്യ പരിപാടികള്‍ക്ക് പിന്തുണ നല്‍കുക, സഹകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നിവയും ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്.
നൈജീരിയായില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടുകയാണെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരിന്നു.