സുഡാനിലെ അല്‍-ഒബൈദില്‍ അടിയന്തര അന്വേഷണം വേണം; ഉത്തരവിട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍
സുഡാന്‍:സുഡാനിലെ അല്‍ ഒബൈദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഉത്തരവിട്ടു. എന്നാല്‍, ഈ അടിയന്തര അന്വേഷണനീക്കത്തെ സര്‍ക്കാര്‍ യോഗത്തില്‍ സുഡാന്‍ ശക്തമായി എതിര്‍ത്തു.
അതോടൊപ്പം 18 മാസമായി നഗരത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 'യുഎന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫാക്ട്-ഫൈന്‍ഡിംഗ് മിഷനെ' കൗണ്‍സില്‍ ചുമതലപ്പെടുത്തി. ബ്രിട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐക്യകണ്‌ഠ്യേനയാണ് പ്രമേയം പാസ്സാക്കിയത്.
സുഡാന്‍ ഔദ്യോഗിക സൈന്യത്തെയും വിമതവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെയും (ഞടഎ) ഒരേ രീതിയിലാണ് യുഎന്‍ കാണുന്നതെന്ന് ജനീവയിലെ സുഡാന്‍ പ്രതിനിധി ഹസ്സന്‍ ഹാമിദ് കുറ്റപ്പെടുത്തി. ഈ കാരണം ഉന്നയിച്ച് 2023 ഒക്ടോബര്‍ മുതല്‍ ഈ അന്വേഷണസമിതിയോട് സഹകരിക്കാന്‍ സുഡാന്‍ തയ്യാറായിട്ടില്ല.
ആര്‍എസ്എഫിന് യുഎഇ സൈനികസഹായം നല്‍കുന്നുണ്ടെന്നും അതിന്റെ പേര് പ്രമേയത്തില്‍ ഉള്‍പ്പെടുത്താത്തത് തെറ്റാണെന്നും സുഡാന്‍ ആരോപിച്ചു. എന്നാല്‍, അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്ന ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്ന് ആര്‍എസ്എഫ് വ്യക്തമാക്കി. അല്‍ ഒബൈദില്‍ സൈനികതാവളങ്ങളുണ്ടെന്നും അതിനാല്‍ അവിടെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെന്നുമാണ് ഇവരുടെ വാദം.