2000 രൂപയ്ക്ക് മുകളിലെ ഇടപാടുകള്‍ക്ക് ഫീസ്: ഒക്ടോബര്‍ 15ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ യുപിഐ പണിമുടക്ക്
കൊച്ചി: സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ യുപിഐ വഴിയുള്ള പണമിടപാടുകള്‍ പ്രതിഷേധസൂചകമായി നിര്‍ത്തിവെക്കുമെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള (സ്വാക്ക്) ഭാരവാഹികള്‍. വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. അടിയന്തരമായി തീരുമാനം പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിയാവുദ്ദീന്‍ കെ.എ ആവശ്യപ്പെട്ടു.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് നിശ്ചിത ചാര്‍ജ് (ങഉഞ) ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഈ ഫീസ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. എന്നാല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളും കറന്‍സി നോട്ടുകളും പതിവുപോലെ സ്വീകരിക്കുമെന്ന് സിയാവുദ്ദീന്‍ വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ വ്യാപാരികള്‍ക്കും ഈ തീരുമാനം വലിയ നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിയാവുദ്ദീന്‍ ചൂണ്ടിക്കാട്ടി. ഈടാക്കുന്ന തുക രാജ്യത്തിന്റെ പുരോഗതിക്കല്ല ഉപയോഗിക്കുന്നത്. ഇതിന്റെ നികുതി തുക മാത്രമാണ് ഇന്ത്യയിലേക്ക് വരുന്നത്, ബാക്കി തുക വിദേശത്തേക്ക് പോവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ശരാശരി കുടുംബം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരുസമയം 4000 മുതല്‍ 5000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങാറുണ്ട്. നിലവിലുള്ള വിലക്കയറ്റം കാരണം മൂന്നോ നാലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ 2000 രൂപ കടക്കും.
1000 രൂപയ്ക്ക് 0.4 ശതമാനം എന്ന കണക്കില്‍ നാല് രൂപ വെച്ചാണ് ചാര്‍ജ് ഈടാക്കുന്നത്. അപ്പോള്‍ 5000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്താല്‍ മിനിമം 20 രൂപ തൊട്ട് ഫീസ് ഈടാക്കേണ്ടി വരും. ഇത് വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് സിയാവുദ്ദീന്‍ വ്യക്തമാക്കി.
വ്യാപാരികള്‍ ഇതിനോടകം തന്നെ കേന്ദ്രധനമന്ത്രിയെ കണ്ട് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സൂപ്പര്‍മാര്‍ക്കറ്റ് വ്യാപാരികളുടെ തീരുമാനം.