യുപിഐ പേയ്‌മെന്റുകള്‍ സൗജന്യമായി തുടരും; ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല

 
upi



ന്യൂഡല്‍ഹി: യുപിഐ പേയ്‌മെന്റുകള്‍ സൗജന്യമായി തുടരുമെന്നും ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ലെന്നും പെയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ.


 യുപിഐ ഇടപാട് നടത്തുന്നതിലൂടെ ചെറുകിട കച്ചവടക്കാരില്‍ നിന്ന് പണം ഈടാക്കില്ലെന്നും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തെ കൂടുതല്‍ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും പിസിഐ അറിയിച്ചു. 

രണ്ടായിരത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം.

2016-ല്‍ ആരംഭിച്ചത് മുതല്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനം സൗജന്യമാണെന്ന് പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. യാതൊരു ഇടപാട് ചാര്‍ജുകളും നല്‍കാതെ തന്നെ ഓരോ ഇന്ത്യക്കാരനും തല്‍ക്ഷണ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നത് തുടരാമെന്നും പിസിഐ വിശദമാക്കി. 

ഇന്ത്യയിലുടനീളമുള്ള ഏറ്റവും ചെറിയ ബിസിനസുകള്‍ക്ക് പോലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ലഭ്യമാക്കുന്നതിനാണ് യുപിഐ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നത് ഈ പേയ്‌മെന്റ് മേഖലയുടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്ക് പ്രധാനമാണെന്നും പിസിഐ പ്രസ്താവനയിലുണ്ട്.

യുപിഐ പേയ്‌മെന്റുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൌണ്ട് റേറ്റ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ നിയമഭേദഗതിക്ക് കേന്ദ്ര ധനമന്ത്രാലയം ശിപാര്‍ശ ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ സാധാരണക്കാരായ ഉപയോക്താക്കളെ കടുത്ത ആശങ്കയിലേക്കാണ് തള്ളിവിട്ടിരുന്നത്. 

മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം, 2007-ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷന്‍ 10അയിലെ നിലവിലെ നിയന്ത്രണം ഒഴിവാക്കാനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് നിരക്ക് ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകളെയും പേയ്മെന്റ് കമ്പനികളെയും തടയുന്ന വകുപ്പാണിത്. ഈ ഭേദഗതി യുപിഐക്ക് മേല്‍ നേരിട്ട് നിരക്ക് ചുമത്തില്ലെങ്കിലും, ഭാവിയില്‍ ഏതെല്ലാം പേയ്മെന്റ് സംവിധാനങ്ങള്‍ക്ക് ഫീസ് ഈടാക്കാമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിന് നല്‍കിയേക്കും.

അതേസമയം, യുപിഐ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഒരു ഫീസും അധികമായി നല്‍കേണ്ടി വരില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. മെര്‍ച്ചെന്റ് ഡിസ്‌കൗണ്ട് റേറ്റ് വ്യാപാരികളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ബാങ്കുകളേയും ഫിന്‍ടെകുകളേയും പിന്തുണക്കുന്നതിനാണ് പുതിയ നീക്കം.

 ഇവര്‍ കൂടുതല്‍ പണം നിക്ഷേപിക്കണമെങ്കില്‍ ഇത്തരമൊരു നീക്കം നടത്തിയെ മതിയാകുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എംഡിആറിന്റെ കാര്യത്തില്‍ യുപിഐയും എന്‍പിസിഐ സര്‍വീസുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ബാങ്കുകളും വ്യാപാരികള്‍ക്കുമേല്‍ ചുമത്തുന്ന ഫീസാണ് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. പുതിയ നിയമപ്രകാരം യുപിഐ അടക്കമുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജയ്റാം രമേശ് അടക്കമുള്ള നേതാക്കള്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.


ഇതില്‍ ജയ്റാം രമേശിന്റെ പോസ്റ്റിന് താഴെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍ മറുപടി പോസ്റ്റിട്ടിരിക്കുന്നത്. പുതിയ നിയമഭേദഗതിയുടെ ബാധ്യത സ്വാഭാവികമായി ഉപഭോക്താക്കള്‍ക്ക് വരുമെന്നായിരുന്നു എംഡിആര്‍ ഫീസിനെ കുറിച്ചുള്ള ജയ്റാം രമേശിന്റെ എക്സ് പോസ്റ്റ്.

Tags

Share this story

From Around the Web