2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ്; കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി
ഡല്‍ഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും (ആര്‍.ബി.ഐ.) നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും (എന്‍.പി.സി.ഐ.) സുപ്രീം കോടതി വിശദീകരണം തേടി.
യു.പി.ഐ. ഇടപാടുകളില്‍ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍.) ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമസാധുതയാണ് കോടതി ആരാഞ്ഞത്. അതേസമയം, എം.ഡി.ആര്‍. ഈടാക്കാനുള്ള തീരുമാനത്തിന്മേല്‍ കോടതി തല്‍ക്കാലം സ്റ്റേ അനുവദിച്ചിട്ടില്ല.
യു.പി.ഐ. ഇടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീം കോടതി കേന്ദ്രത്തോടും ആര്‍.ബി.ഐയോടും എന്‍.പി.സി.ഐയോടും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
ഈ നിരക്കില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ആനുകൂല്യം ആര്‍ക്കാണ് ലഭിക്കുകയെന്നും, ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും കോടതി ചോദിച്ചു.
എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, അത് ലഭിച്ച ശേഷമായിരിക്കും ഹര്‍ജി വീണ്ടും പരിഗണിക്കുകയെന്നും വ്യക്തമാക്കി.
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് എം.ഡി.ആര്‍. ഈടാക്കുമെന്ന് സെപ്റ്റംബര്‍ 15-നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഈ തീരുമാനം നിയമവിരുദ്ധമാണെന്നും അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അഞ്ജന്‍ ദത്തയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
യാതൊരുവിധ നിയമപരമായ ചട്ടക്കൂടുകളോ മുന്‍കൂട്ടിയുള്ള കൂടിയാലോചനകളോ ഇല്ലാതെയണ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു