പാപ്പായുടെ ആഗോളപ്രാര്‍ത്ഥനാ ശൃംഖലയ്ക്ക് നവീകരിച്ച നിയമസംഹിത
പരിശുദ്ധപിതാവിന്റെ പേരിലുള്ള ആഗോള പ്രാര്‍ത്ഥനാ ശൃംഖലയുടെ നവീകരിച്ച നിയമസംഹിത പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനകളും, ആദ്ധ്യാത്മിക പരിശീലനവും മറ്റ് സേവനങ്ങളും വഴി, മാനവികതയും സഭയുടെ നിയോഗപൂര്‍ത്തീകരണമേഖലയും അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ പരിഹാരം തേടുന്ന ഈയൊരു ഘടകത്തിന്റെ പുതിയ നിയമാവലി പ്രസിദ്ധീകരിക്കപ്പെട്ടത്.
പരിശുദ്ധ പിതാവ് തങ്ങള്‍ക്കേല്‍പ്പിച്ചിരിക്കുന്ന നിയോഗത്തെ തുടര്‍ച്ചയായി അനുസ്മരിപ്പിക്കുന്നതിനാണ് നിലവിലെ നവീകരിച്ച നിയമസംഹിത തങ്ങളെ സഹായിക്കുന്നതെന്നും, ഈ ലക്ഷ്യത്തോടെ ലോകം മുഴുവന്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കാനാണ് ഇത് പ്രചോദനമേകുന്നതെന്നും, പാപ്പായുടെ ആഗോളപ്രാര്‍ത്ഥനാ ശൃംഖലയുടെ അന്താരാഷ്ട്ര ഡയറക്ടറും ഈശോസഭാവൈദികനുമായ ഫാ. ക്രിസ്റ്റോബാള്‍ ഫോണെസ് പ്രസ്താവിച്ചു.
2024-ല്‍ അംഗീകരിക്കപ്പെട്ട ചട്ടങ്ങള്‍ക്ക് അനുസരിച്ച്, പാപ്പായുടെ ആഗോളപ്രാര്‍ത്ഥനാ ശൃംഖലയെയും അതിലെ അംഗങ്ങളെയും ഒരുമിച്ച് മുന്നോട്ട് പോകാന്‍ സഹായിക്കുന്നതിനാണ്, രണ്ടുവര്‍ഷത്തെ സാധുതയുള്ള നവീകരിച്ച നിയമസംഹിതയെന്നും, ഇതിന്റെ പുതിയൊരു അവലോകനം 2028-ലായിരിക്കും നടക്കുകയെന്നും രണ്ടേകാല്‍ കോടിയോളം ആളുകളെ ഉള്‍ക്കൊള്ളുന്നതും വത്തിക്കാന്‍ ആസ്ഥാനമായുള്ളതുമായ ഈ പൊന്തിഫിക്കല്‍ പ്രസ്ഥാനം വ്യക്തമാക്കി. തൊണ്ണൂറിലധികം രാജ്യങ്ങളില്‍ ഈ ശൃംഖല പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
യേശുവിന്റെ തിരുഹൃദയഭക്തിയുടെ അദ്ധ്യാത്മികതയില്‍ അടിസ്ഥാനമിട്ട പാപ്പായുടെ ആഗോളപ്രാര്‍ത്ഥനാ ശൃംഖലയുടെ നവീകരിച്ച നിയമസംഹിത നാല് ഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇതില്‍ ഒന്നാമത്തേത്, വത്തിക്കാന്റെ പ്രസ്ഥാനമെന്ന അതിന്റെ സ്വഭാവം വെളിവാക്കുന്നതും, രണ്ടാമത്തേത് അതിന്റെ അന്താരാഷ്ട്ര, ദേശീയ, രൂപത, സമൂഹ തലങ്ങളിലുള്ള ഘടന സംബന്ധിച്ചുള്ളതും, മൂന്നാമത്തേത് ഇതില്‍ പങ്കുചേരുന്നതുമായി ബന്ധപ്പെട്ടതും, നാലാമത്തേത് പ്രായപൂര്‍ത്തിയാകാത്തതും ദുര്‍ബലരുമായ ആളുകളുടെ സംരക്ഷണം സംബന്ധിച്ചുള്ളതുമാണ്.
മറ്റേതൊരു സ്ഥാപനവും എന്നതില്‍നിന്ന് ശൃംഖലാപരമായ ഈ സംഘടനയുടെ സ്വഭാവത്തിന്റെ വ്യത്യസ്തതയും നവീകരിച്ച നിയമസംഹിത കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.
ഏതൊരാള്‍ക്കും പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്ന ചിന്തയില്‍, എല്ലാവര്‍ക്കുമായി തുറന്ന ഒരു സംഘടന എന്ന രീതിയിലും, വ്യക്തിപരമോ, സമൂഹപരമോ ആയ രീതിയില്‍ യേശുവിന്റെ തിരുഹൃദയത്തിന് സ്വയം സമര്‍പ്പിച്ച്, കൃത്യവും, ക്രമീകൃതവുമായി അനുദിന പ്രാര്‍ത്ഥന നടത്തുന്ന രീതിയിലും പാപ്പായുടെ ആഗോളപ്രാര്‍ത്ഥനാ ശൃംഖലയില്‍ പങ്കെടുക്കാനാകും.