ആറുവര്‍ഷം മുന്‍പ് വരെ നിരീശ്വരവാദി; ഇന്ന് രാജ്യത്തിനായി ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയുമായി കൊളംബിയയുടെ നിയുക്ത പ്രസിഡന്റ്
ബൊഗോട്ട: രാജ്യത്തെ ദൈവീക സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുന്നതിന്റെ ഭാഗമായി കൊളംബിയയിലെ വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനവും പ്രാര്‍ത്ഥനയുമായി നിയുക്ത പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയേല. ജൂണ്‍ 26നാണ് അദ്ദേഹം വിവിധ കത്തോലിക്ക ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. 'കൃതജ്ഞത പ്രകാശിപ്പിക്കാനുള്ള യാത്ര' എന്നും 'മാതൃരാജ്യത്തിനായുള്ള പ്രത്യാശയുടെ തീര്‍ത്ഥാടനം' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ രാജ്യത്തെ പ്രസിദ്ധമായ എല്‍ മോറോ ദേവാലയം സന്ദര്‍ശിച്ചപ്പോള്‍ തന്റെ ജീവിതവും സേവനവും രാജ്യത്തെ മുഴുവനും ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ സമര്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരിന്നു. ഔവര്‍ ലേഡി ഓഫ് ദി റെമഡീസ് കത്തീഡ്രല്‍ ദേവാലയം, സുക്രെയിലെ മൈനര്‍ ബസിലിക്ക തുടങ്ങിയ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചതായും ഡി ലാ എസ്പ്രിയേല പറഞ്ഞു. കൊളംബിയയുടെ സുരക്ഷയ്ക്കും സമാധാനത്തിനും സുരക്ഷാ സേനയ്ക്കും ഓരോ കൊളംബിയന്‍ കുടുംബത്തിന്റെയും സംരക്ഷണത്തിനും വേണ്ടി അദ്ദേഹം ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയതായി അധികൃതര്‍ അറിയിച്ചു.
'ഡിഫന്‍ഡേഴ്സ് ഓഫ് ദി ഹോംലാന്‍ഡ്' പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഡി ലാ എസ്പ്രിയല്ല. ഒരു ജനത അവരുടെ വിധി ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുമ്പോള്‍, അത് എല്ലായ്‌പ്പോഴും പ്രത്യാശ കണ്ടെത്തുന്നു എന്ന ബോധ്യത്തോടെ സഞ്ചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പില്‍ക്കാലത്ത് നിരീശ്വരവാദിയായിരിന്ന വ്യക്തിയാണ് ഡി ലാ എസ്പ്രിയല്ല. ആറ് വര്‍ഷം മുന്‍പ് അദ്ദേഹത്തിന് വളരെ അടുപ്പമുള്ള ഒരാളുടെ ആകസ്മിക മരണം ദൈവത്തെ കണ്ടുമുട്ടുന്നതിലേക്ക് നയിക്കുകയായിരിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു.