ഭിന്നശേഷിനിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ അവസാനിപ്പിക്കണം

ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകളുടെ വർഷങ്ങളായുള്ള അഭ്യർത്ഥനകളെയും നിവേദനങ്ങളെയും നിരാകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 31നാണ് വിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷി നിയമനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ഒഴിവുകൾ പൂർണമായും നികത്തിയാൽ മാത്രമേ മറ്റ് നിയമനങ്ങൾ അംഗീകരിക്കുകയും ശമ്പളം നൽകുകയും ചെയ്യുകയുള്ളൂ എന്നുള്ള ഉത്തരവിറക്കിയത്. എന്നാൽ ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം 1996 മുതൽ നടത്തിയ നിയമങ്ങളുടെ 3% വും 2018 മുതൽ നടത്തിയ നിയമനങ്ങളുടെ നാല് ശതമാനവും ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവയ്ക്കുകയും പ്രസ്തുത വിവരം സത്യവാങ്മൂലത്തിലൂടെ ഗവൺമെന്റിനെ അറിയിക്കുകയും സമന്വയ എന്ന വെബ്സൈറ്റിൽ വിവരം അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ഗവൺമെന്റ് നിഷ്കർഷിച്ചിരിക്കുന്ന അത്രയും ശതമാനം ഒഴിവുകൾ അവശേഷിപ്പിച്ചിട്ടാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ മറ്റ് നിയമനങ്ങൾ നടത്തിയിട്ടുള്ളത്. ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യങ്ങളും കൃത്യമായി നടത്തിയിട്ടും ഉണ്ട്. എന്നാൽ ഇതിൽ പകുതിപോലും ഒഴിവുകളിൽ യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ഗവൺമെന്റിന്റെ സഹായവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ മുഴുവൻ പോസ്റ്റുകളിലേക്കും നിയമനം നടത്താൻപറ്റാത്ത സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അത്രയും ഒഴിവുകൾ നിലനിർത്തുകയും ബാക്കിയുള്ള നിയമങ്ങൾക്ക് ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്യണമെന്നുള്ളതാണ് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ നിരന്തരം ആയിട്ടുള്ള അഭ്യർത്ഥന.
2018 മുതൽ ഭിന്നശേഷി നിയമന ഉത്തരവിൽ കുരുങ്ങി, പതിനാറായിരത്തിലധികം അധ്യാപകരാണ് നിയമംഗീകരം ലഭിക്കാതെയും, ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെയും ദുരിതത്തിൽ ആയിരിക്കുന്നത്. അധ്വാനിക്കുന്നവന്റെ അവകാശമായ കൂലി നിഷേധിച്ചുകൊണ്ട് സർക്കാർ നടത്തുന്ന ഈ ദുശ്ശാഠ്യം അവസാനിപ്പിക്കണം എന്നാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ അഭ്യർത്ഥിച്ചിട്ടുള്ളത്.
എന്നാൽ തികച്ചും ധാർമികവും നീതിപൂർവവുമായ ഈ അഭ്യർത്ഥനകളെ അവഗണിക്കുക മാത്രമല്ല, ഈ ആവശ്യം ഉന്നയിച്ച ക്രൈസ്തവ മാനേജ്മെന്റുകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായിട്ടാണ്വി ദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നിരിക്കുന്നത്. 'ക്രൈസ്തവസഭകൾ ഭിന്നശേഷി നിയമനങ്ങൾക്കെതിരാണ്, ഈ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റ്കളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണ്, ഇലക്ഷൻ അടുക്കുന്നത്കൊണ്ടുള്ള സമ്മർദ്ദതന്ത്രമാണ്, ഇത് ഭീഷണിയും സർക്കാരിനെ വിരട്ടലുമാണ്, ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല, തുടങ്ങിയ വളരെ ബാലിശവും, വസ്തുത വിരുദ്ധവും, അവതാനതയില്ലാത്തതുമായ പ്രസ്താവനകളാണ് മന്ത്രി ഈ വിഷയത്തിൽ നടത്തിയിരിക്കുന്നത്. ഭിന്നശേഷി അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ എയ്ഡഡ് മേഖലയിലെ അധ്യാപകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വേണ്ടവിധം പഠിച്ചിട്ടില്ല എന്നുള്ളത് നിരുത്തരവാദപരമായ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.
ഏതൊരു ധാർമികസമരത്തെയും എല്ലാക്കാലത്തും ഭരണവർഗ്ഗം നശിപ്പിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും ഒരു ദുരാരോപണം അതിന്മേൽ ഉന്നയിച്ചു കൊണ്ടാണ്. ഇവിടെ സമ്മർദ്ദതന്ത്രം എന്നും, വിരട്ടാൽ എന്നും, രാഷ്ട്രീയപ്രേരിതമെന്നുമുള്ള ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാന്യനായ വിദ്യാഭ്യാസമന്ത്രി അതിജീവനത്തിന് വേണ്ടിയുള്ള അധ്യാപക സമൂഹത്തിന്റെ ധർമ്മസമരത്തിന്റെ മുനയടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ വിഷയത്തിൽ അദ്ദേഹത്തോട് ചർച്ചയ്ക്കു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഇപ്പോഴും സന്നദ്ധവുമാണ്.
ബഹുമാന്യനായ മന്ത്രിയോടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും ക്രൈസ്തവ മാനേജ്മെന്റുകൾക്ക് പറയാനുള്ളത്; ഞങ്ങളിവിടെ ഗവൺമെന്റിനോട് ഒരു സംഘർഷത്തിനോ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയലാഭത്തിനു വേണ്ടിയല്ല ഈ സമരത്തിന് ഇറങ്ങിയത്, 2018 മുതൽ ഉന്നയിച്ച ആവശ്യമാണ് ഇപ്പോളും ഉന്നയിക്കുന്നത്. മാത്രമല്ല, ഉപജീവനത്തിനുള്ള ഉപാധികൾ സകലതും അടയ്ക്കപ്പെട്ട് ദുരിതത്തിൽ ആയിരിക്കുന്ന പതിനാറായിരത്തിലധികം വ്യക്തികളുടെയും അത്രയും കുടുംബങ്ങളിലെ 50000 ത്തോളം വരുന്ന മനുഷ്യരുടെയും ജീവൽപ്രശ്നമാണ് നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരുന്നത്. ദയവായി അതിൽ രാഷ്ട്രീയം കലർത്തി നശിപ്പിക്കാൻ ശ്രമിക്കരുത്. ഒരു ജനാതിപത്യ സർക്കാർ അതിലെ പൗരന്മാരോട് ദുശാഠ്യത്തിനു പോകുന്നത് ഉചിതമാണോ എന്ന് നിങ്ങൾ പര്യാലോചിക്കണം. ബഹുസഹസ്രം മനുഷ്യരുടെ കണ്ണീരിൽ നിങ്ങൾ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുത്.