സുരക്ഷിതമല്ലാത്ത വെള്ളവും ശുചിത്വവുസൗകര്യങ്ങളും അനുദിനം ആയിരത്തോളം കുട്ടികളുടെ ജീവനെടുക്കുന്നു: യൂണിസെഫ്

 
Unicef

അഞ്ചുവയസ്സില്‍ താഴെയുള്ള ആയിരത്തോളം കുട്ടികളാണ് ശുദ്ധജലലഭ്യതക്കുറവ് മൂലവും ശുചിത്വസേവനരംഗത്തെ കുറവുകള്‍ മൂലവും ഓരോ ദിവസവും മരണമടയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. 

ലോക ജലദിനം ആചരിക്കപ്പെടുന്ന മാര്‍ച്ച് 22 ഞായറാഴ്ചയാണ് ഇത്തരമൊരു ഭീകരമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് യൂണിസെഫ് തങ്ങളുടെ ഒരു പത്രക്കുറിപ്പിലൂടെ പ്രസ്താവന നടത്തിയത്.

നൂറ്റിയെണ്‍പത് കോടിയോളം ജനങ്ങളാണ് കൃത്യമായ ശുദ്ധജല ലഭ്യതയില്ലാതെ ദുരിതമനുഭവിക്കുന്നതെന്ന്, 'എവിടെയാണോ ജലം എത്തുന്നത്, അവിടെ തുല്യത വളരുന്നു' എന്ന പ്രമേയത്തില്‍ അധിഷ്ഠിതമാക്കി ആചരിക്കപ്പെടുന്ന ഈ വര്‍ഷത്തെ ജലദിനത്തില്‍ യൂണിസെഫ് എഴുതി. 

ശുദ്ധജലലഭ്യതയും ശുചിത്വസേവനസൗകര്യങ്ങളും അതിജീവനത്തിനൊപ്പം മാനവികതയില്‍ തുല്യത ഉറപ്പാക്കാനും പ്രധാനപ്പെട്ടതാണെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.

മൂന്നില്‍ രണ്ടു വീടുകളിലും ശുദ്ധജലം ശേഖരിക്കുന്നത് സ്ത്രീകളുടെ കടമയായാണ് കണക്കാക്കപ്പെടുന്നതെന്നും, പത്തിനും പത്തൊന്‍പത്തിനും ഇടയില്‍ പ്രായമുള്ള പതിനഞ്ച് കോടിയിലധികം പെണ്‍കുട്ടികള്‍ക്ക് ഇനിയും അടിസ്ഥാന ശുചിത്വസേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

 ഇത്, അവരുടെ ആരോഗ്യത്തെയും അന്തസിനെയും മോശമായ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പില്‍ എഴുതി.

ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിന് പോലും ശുദ്ധജലലഭ്യതക്കുറവ് സംബന്ധിച്ച പ്രതിസന്ധി കാരണമാകുന്നുണ്ടെന്ന് യൂണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന്‍ റസ്സല്‍, സംഘടനയുടെ പ്രസ്താവനയിലൂടെ അറിയിച്ചു. 

ആഗോള ജലപ്രതിസന്ധി, കുട്ടികളുടെ ജീവിതത്തെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ജീവിതത്തെ കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ശിശുക്ഷേമനിധി അദ്ധ്യക്ഷ വിശദീകരിച്ചു.

ജലലഭ്യതയും സാമൂഹികമായ തുല്യതയും ശക്തമായ രീതിയില്‍ ബന്ധപ്പെട്ടാണിരിക്കുന്നതെന്നും, ജലം, ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും, പോഷകാഹാരലഭ്യതയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും ഉള്‍പ്പെടെ ഏറെ പ്രധാനപ്പെട്ടതാണെന്നും ശിശുക്ഷേമനിധി ഓര്‍മ്മിപ്പിച്ചു. 

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശുദ്ധജലത്തിന്റെ അഭാവം കൂടുതല്‍ രൂക്ഷമാക്കുകയാണെന്നും, കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ആണ്, ഇതിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്നതെന്നും സംഘടന എഴുതി.

Tags

Share this story

From Around the Web