കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്. ഇവിടെ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നത്; ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: കേരളത്തില്‍ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നതെന്നും ഉത്തരേന്ത്യയില്‍ എല്ലാ ന്യൂനപക്ഷങ്ങളും ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
ഛത്തിസ്ഗഡില്‍ മതപരിവര്‍ത്തനകുറ്റം ചുമത്തി കന്യാസ്ത്രീകളെ അന്യായമായി അറസ്‌റ് ചെയ്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''നമ്മുടെ നാട്ടില്‍ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലി തകര്‍ക്കുകയാണ്''.
''ഉത്തരേന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. എല്ലാ മതേതര വിശ്വാസികളും ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയെന്ന് കര്‍ദിനാള്‍ ബസേലിയോഴ്‌സ് ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു. ''ഈ സംഭവത്തില്‍ നടന്നിരിക്കുന്നത് കടുത്ത ഭരണഘടനാ ലംഘനമാണ്. ഭാരതത്തിലെ സ്വതന്ത്ര ജീവിതത്തോടുള്ള കടന്നു കയറ്റമാണിത്. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ച് വരികയാണ്. ഇതില്‍ കടുത്ത അമര്‍ഷം സഭയുടെ ഭാഗമായി രേഖപ്പെടുത്തുന്നു''. അദ്ദേഹം ചൂണ്ടിക്കാട്ടി.