യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പൊലീസ്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, ആദര്‍ശ്, അരുണ്‍ എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 75 പേരെക്കൂടി പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ വടികൊണ്ട് ആക്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്‌ഐ നേതാവും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ആദര്‍ശിന്റെ അറസ്റ്റ്. പാളയം മാര്‍ക്കറ്റിന് മുന്നിലെ കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത സംഭവത്തിലാണ് ശ്രീജിത്തിനെയും അരുണിനെയും അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിര്‍ത്തിയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് നടപടി തുടരുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു കെഎസ്യു പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബര്‍ 30ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയാണ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റല്‍ പരിസരത്ത് സംഘര്‍ഷം ആരംഭിച്ചത്. പിന്നീട് എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സ്ഥിതിഗതികള്‍ നീങ്ങിയിരുന്നു.
അതേസമയം, അറസ്റ്റിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ശക്തമാക്കി. കന്റോണ്‍മെന്റ് എസ്‌ഐ ഗോകുലിനെതിരെയും സംഘടന ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പൊലീസിനെ അന്യായമായി മര്‍ദിച്ചെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധം.
ഇതിന്റെ ഭാഗമായി ഇന്ന് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. എസ്എഫ്‌ഐ നേതാവിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.