സത്യവും നീതിയും പ്രോത്സാഹിപ്പിക്കുന്ന നേതൃനിരയെ സൃഷ്ടിക്കാൻ സർവ്വകലാശാലകൾക്കാകണം: ലിയോ  പാപ്പാ

 
Leo

കാമറൂണിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക യാത്രയിലെ പ്രധാനപ്പെട്ട ഒരു നിമിഷം യൗന്തേയിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സദസ്സുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഏറെ ശ്രേഷ്ഠവും, അനേകം യുവജനങ്ങൾക്ക് വിദ്യാഭ്യാസവും പരിശീലനവും പകർന്നതുമായ മദ്ധ്യ ആഫ്രിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ എത്താൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടായിരുന്നു പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭിച്ചത്.

മദ്ധ്യ ആഫ്രിക്കയിലെ മെത്രാൻസമിതികളുടെ അസോസിയേഷൻ 1989-ൽ സ്ഥാപിച്ച ഈ യൂണിവേഴ്സിറ്റി, സത്യത്തിനായുള്ള അന്വേഷണത്തിലും, നീതിയുടെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സഭയ്ക്കും ആഫ്രിക്കയ്ക്കും വഴികാട്ടിയാണെന്ന കാര്യം പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു. അറിവിന്റെ ലോകത്തിൽ സഹോദര്യമൂല്യം പഠിപ്പിക്കുന്നതിൽ യൂണിവേഴ്സിറ്റികൾക്ക് പ്രത്യേകിച്ച് കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള കടമയും വിളിയും പാപ്പാ അനുസ്മരിച്ചു.

തങ്ങളുടെ സമൂഹങ്ങളിലും ലോകത്തും പൊതുനന്മയും മൂല്യങ്ങളും പകരുന്ന നല്ല നേതാക്കളെയും ഉദ്യോഗസ്ഥരെയും സൃഷ്ടിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും കത്തോലിക്കാ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള എല്ലാ സർവ്വകലാശാലകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതേസമയം സുവിശേഷത്തിന്റെയും കാതോലിക്കാവിശ്വാസത്തിന്റെയും സാക്ഷികളും, പരസ്പരസംവാദങ്ങളുടെയും കൂടിക്കാഴ്ചകളുടെയും സഹവർത്തിത്വത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നവരുമാകാൻ കത്തോലിക്കാ യൂണിവേഴ്സിറ്റികളിലെ പ്രവർത്തകർക്കാകണം.

സത്യത്തെ തങ്ങളുടെ ജീവിതലക്ഷ്യവും മാർഗ്ഗവുമാക്കി വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും, സർവ്വകലാശാലകൾക്ക് അതിൽ നിർവ്വഹിക്കാൻ സാധിക്കുന്ന ഉത്തരവാദിത്വവും പരിശുദ്ധ പിതാവ് പ്രത്യേകം അനുസ്മരിച്ചു. സ്വാർത്ഥതയും, വ്യക്തിതാത്പര്യങ്ങളും പോലെയുള്ള സങ്കുചിത മനോഭാവങ്ങൾ കുറച്ചുകൊണ്ടുവരാനും, സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളും ആന്തരികതയും വിചിന്തനവും പ്രോത്സാഹിപ്പിക്കുന്ന ഇടം കൂടിയാകണം സർവ്വകലാശാലകൾ.

അനീതിയും അസമത്വങ്ങളും അക്രമങ്ങളും പോലെയുള്ള തെറ്റായ പ്രവണതകളും യാഥാർത്ഥ്യങ്ങളും നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയിൽ, സത്യത്തിന്റെയും നീതിയുടെയും ശുശ്രൂഷയ്ക്കായാണ് യൗന്തേയിലുള്ള "മദ്ധ്യ ആഫ്രിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി" സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. എല്ലാ സമൂഹങ്ങളിലും നീതിയും സമത്വവും പുലരുന്നതിനായാണ് നാം പരിശ്രമിക്കേണ്ടത്. സത്യവും ശരിയായതും തേടാനായി വിദ്യാർത്ഥിമനസ്സുകളെ പരിശീലിപ്പിക്കാൻ യൂണിവേഴ്സിറ്റികൾക്കാകണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

സാമൂഹികമാറ്റങ്ങളുടെയും സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലുയരുന്ന സമ്മർദ്ദങ്ങളുടെയും പുതുതായി മനോഭാവങ്ങളുടെയും ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് തനിക്ക് മുന്നിലുള്ള യുവജനതയെ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. പ്രബലശക്തികൾക്കും മൂല്യങ്ങൾക്കും അടിപ്പെടുക എന്നതിനെ കഴിവായി കാണുന്നതിന് പകരം, ശരിയായ പഠനത്തിലൂടെയും പരിശ്രമത്തിലൂടെയും പുരോഗതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും വളരേണ്ടതുണ്ട്.

നിർമ്മിതബുദ്ധിയുടെ കാലം മാനവികതയ്ക്ക് മുന്നിൽ വയ്ക്കുന്ന പ്രതിസന്ധികളും സാധ്യതകളും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ഡിജിറ്റൽ ജീവിതങ്ങളല്ല, ജീവിക്കുന്ന മനുഷ്യരാണ് നിങ്ങളെന്ന് സർവ്വകലാശാലാസമൂഹത്തെ ഓർമ്മിപ്പിച്ച പാപ്പാ, മറ്റുള്ളവരെ, പ്രത്യേകിച്ച് നമ്മിൽനിന്ന് ഭിന്നമായി ചിന്തിക്കുന്നവരെ ഭയപ്പാടോടെ കാണാനും, അവരിൽനിന്ന് മാറി ഒറ്റയ്ക്ക് ജീവിക്കാനുമുള്ള പ്രവണതയിൽനിന്ന് അകന്ന് നിൽക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.

വിദ്യാഭ്യാസം പകരുക എന്ന സർവ്വകലാശാലകളുടെ ഉത്തരവാദിത്വത്തിനപ്പുറം, ചിന്തിക്കാനും വിചിന്തനം ചെയ്യാനും കഴിവുള്ളവരും, സ്നേഹിക്കാനും ശുശ്രൂഷിക്കാനും കഴിവും താത്പര്യവും ഉള്ള നേതൃനിരയിലേക്ക് മനുഷ്യരെ വളർത്താനുള്ള വിളി കൂടി കത്തോലിക്കാ യൂണിവേഴ്സിറ്റികൾക്കുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ആധുനികലോകമുയർത്തുന്ന വെല്ലുവിളികൾക്ക് മുന്നിൽ കത്തോലിക്കാ യൂണിവേഴ്സിറ്റികൾക്ക് സമൂഹത്തിൽ തങ്ങളുടേതായ വ്യതിരക്തമായ സ്ഥാനവും വിളിയുമുണ്ടെന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. സുവിശേഷമൂല്യങ്ങൾ ജീവിക്കുകയും, പൊതുനന്മയ്ക്കായി തങ്ങളുടെ കഴിവുകൾ വ്യയം ചെയ്യാൻ താത്പര്യം കാട്ടുകയും ചെയ്യുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്ന കടമയാണതെന്ന് പാപ്പാ വിശദീകരിച്ചു.

വിദ്യാഭ്യാസം നേടിയവരും സമൂഹത്തിന് നന്മ ചെയ്യാൻ സാധിക്കുന്നവരുമായ ആളുകൾ മെച്ചപ്പെട്ട സൗകര്യത്തിനും ജീവിതത്തിനും വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത അനുസ്മരിച്ച പാപ്പാ, എന്നാൽ തങ്ങൾക്ക് ലഭിച്ച അറിവും പരിജ്ഞാനവും തങ്ങളുടെ സഹപൗരന്മാർക്കായി പങ്കുവയ്ക്കാൻ ഏവർക്കുമുള്ള ചുമതല പ്രത്യേകമായി പരാമർശിച്ചു. തങ്ങളുടെ ദേശത്തിന് നന്മ പകരുകയും നല്ല മൂല്യങ്ങൾ ജീവിക്കുകയും ചെയ്യുന്ന ഒരു ജനതയെ വളർത്തിയെടുക്കാൻ സർവകലാശാലകൾക്ക് ചുമതലയുണ്ട്.

സമൂഹത്തിൽ അഴിമതിയെന്ന തിന്മ ഒഴിവാക്കേണ്ടതിന്റെയും ശരിയായ മാനവികമൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെയും ആവശ്യകതയിലേക്കും പരിശുദ്ധ പിതാവ് വിരൽ ചൂണ്ടി. സർവ്വകലാശാലാസമൂഹത്തിൽ നിലനിൽക്കേണ്ട എളിമയെന്ന പുണ്യത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് പരമർശിച്ചു. ഒരേ അദ്ധ്യാപകന്റെ കീഴിൽ പഠിക്കുന്ന സഹപാഠികളാണ് നാമെന്ന കാര്യം മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, തന്റെ ജീവൻ ലോകത്തിനായി നൽകിയ യേശുവാണ് അവനെന്ന് കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web