കായികമത്സരങ്ങളിലൂടെ ഐക്യവും ഒരുമയും വളര്‍ത്തണം: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍സിറ്റി: കായിക, രാഷ്ട്രീയ, സംഗീത ഇടങ്ങള്‍ മാത്സര്യമല്ല, പൊതുനന്മയ്ക്കായുള്ള ഐക്യത്തിന്റെയും കണ്ടുമുട്ടലിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
ഇറ്റലിയിലെ ആക്വിലയില്‍ 'ഹൃദയത്തിന്റെ മത്സരം' എന്ന പേരില്‍ ജൂലൈ 16 ബുധനാഴ്ച വൈകുന്നേരം 9.30-ന് ഫുട്‌ബോള്‍ മത്സരം നടക്കുന്ന അവസരത്തിലേക്കായി നല്‍കിയ വീഡിയോ സന്ദേശത്തിലാണ് സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കണ്ടുമുട്ടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്.
നമ്മുടെ സഹായം ആവശ്യമുള്ള, പ്രത്യേകിച്ച്, യുദ്ധമേഖലകളില്‍നിന്ന് ഇറ്റലിയിലെത്തിയ കുട്ടികള്‍ക്കുവേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമ്പാദനത്തിന്റെ കൂടി ഭാഗമായി നടക്കുന്ന ഈ കായികമത്സരം പോരാട്ടത്തിന്റെതല്ല, കണ്ടുമുട്ടലിന്റെ ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ലിയോ പതിനാലാമന്‍ പാപ്പാ അഭിപ്രായപ്പെട്ടു.
മുറിവേറ്റ ഹൃദയങ്ങളെ ഐക്യത്തിലേക്ക് നയിക്കുന്നതിനായി പരസ്പരം കണ്ടുമുട്ടുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ ഹൃദയത്തില്‍ നാമെല്ലാവരും ഒന്നാണെന്നും, ഹൃദയമാണ് ദൈവവും മറ്റു മനുഷ്യരുമായുള്ള കണ്ടുമുട്ടലിന്റെ ഇടമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
നാശവും മരണവും വിതയ്ക്കാനായല്ല, ജീവനും പരിപാലനത്തിനുമായാണ് 'ഹൃദയത്തിന്റെ മത്സരമെന്ന' ഈ ഫുട്ബാള്‍ മത്സരം നടക്കുന്നതെന്ന വസ്തുത ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു.
കായികമത്സരങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയും, അതില്‍ പങ്കെടുക്കുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, അവ പോരാട്ടമോ മത്സരമോ അല്ല, കണ്ടുമുട്ടലിന്റെ അവസരങ്ങളായി മാറുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ടെലിവിഷന്‍ പോലും മറ്റുള്ളവരുമായി ബന്ധിപ്പിക്കുക എന്നതിനേക്കാള്‍ കാഴ്ചയിലുള്ള ഐക്യം വളര്‍ത്തുന്നതാകേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
രാഷ്ട്രീയരംഗത്തും സംഗീതരംഗത്തുമുള്ള ആളുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു ടീമുകളെക്കുറിച്ചും സംസാരിക്കവെ, പൊതുനന്മയ്ക്കായി പരസ്പരം കണ്ടുമുട്ടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ രാഷ്ട്രീയത്തിന് ആളുകളെ ഒരുമിപ്പിക്കാനാകുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. നമ്മുടെ വാക്കുകളെയും ഓര്‍മ്മകളെയും കൂടുതല്‍ ഭംഗിയുള്ളതാക്കി മാറ്റുന്നതില്‍ സംഗീതത്തിനുള്ള പ്രാധാന്യവും പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു.