യൂണൈറ്റഡ് 26 : ദുരന്ത പ്രതിരോധ നിവാരണവും പരിശീലനവും വിഷയമാക്കിയ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ബിലീവേഴ്‌സ് ആശുപത്രിയില്‍ ആരംഭിച്ചു

 
BELIVERS

തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'യൂണൈറ്റഡ് '26' (UNITED '26 - Unfolding Newer Innovations for Tomorrow's Emergencies & Disasters) അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് ഇന്ന് മുതല്‍ 10 വരെ നടക്കും.

''ആശുപത്രി ദുരന്ത സജ്ജീകരണവും മാനേജ്മെന്റും'' (Hospital Disaster Preparedness & Management) എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം.

മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ സ്മാരക കണ്‍വെന്‍ഷന്‍ സെന്ററില്‍ (ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍) വച്ച് നടക്കുന്ന ത്രിദിന സമ്മേളനം ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി ഇ  ഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. 

അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സണ്ണി കുരുവിള അധ്യക്ഷനായി. യു.എസ്.എയിലെ വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹാര്‍പര്‍ സര്‍വകലാശാല ആശുപത്രി ഗവേഷണ വിഭാഗം ഡയറക്ടറും ജി എച്ച് ആര്‍ സി സ്ഥാപകനുമായ എമര്‍ജന്‍സി വിഭാഗം പ്രൊഫസര്‍ ഡോ വിജയ അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

കോന്നി മെഡിക്കല്‍ സെന്റര്‍ സി ഇ ഒ യും യുണൈറ്റഡ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ ജിജു ജോസഫ്, ബിലീവേഴ്‌സ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഏബല്‍ കെ സാമുവല്‍, എമര്‍ജന്‍സി വിഭാഗം അക്കാഡമിക്ക് മേധാവിയുമായ ഡോ ലൈലു മാത്യൂസ്, റവ ഫാ തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഒക്ടോബര്‍ 8, 9 തീയതികളില്‍) ദക്ഷിണേന്ത്യയിലാദ്യമായി ലോക ആരോഗ്യ സംഘടനയുടെ (WHO) അംഗീകാരമുള്ള 'മാസ് കാഷ്വാലിറ്റി മാനേജ്മെന്റ്' (MCM) പരിശീലന പരിപാടി ബിലീവേഴ്‌സ് ആശുപത്രിയില്‍ സംഘടിപ്പിക്കും. 


യു.എസ്.എയിലെ വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി എയിംസിലെ ഡബ്ല്യു.എച്ച്.ഒ കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി & ട്രോമ കെയര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ അന്താരാഷ്ട്ര പരിപാടി നടപ്പിലാക്കുന്നത്.

 10-ന് നടക്കുന്ന പ്രധാന സമ്മേളനത്തില്‍ വിവിധ ആരോഗ്യ വിദഗ്ദ്ധരും ദുരന്ത നിവാരണ മേഖലയിലെ പ്രമുഖരും പങ്കാളികളാകും. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ആശുപത്രികളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള സവിശേഷ പാനല്‍ ചര്‍ച്ചകളും നിര്‍ദ്ദേശ രൂപീകരണങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Tags

Share this story

From Around the Web