ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.. ജോര്‍ജ് കുര്യന്‍ സംസാരിക്കുവാന്‍ എഴുന്നേറ്റു. വേദി വിട്ട് ജനങ്ങള്‍

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. മുതലപ്പൊഴി തുറമുഖ നവീകരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടന വേദിയിലായിരുന്നു കേന്ദ്രമന്ത്രിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം.
ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നതിനിടെയാണ് ആളുകള്‍ വേദി വിട്ടുപോയത്. ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി സംസാരിക്കേണ്ടത് ആയിരുന്നു. സാങ്കേതിക പ്രശ്നം കാരണം മുഖ്യമന്ത്രിക്ക് ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ജോര്‍ജ് കുര്യന്‍ സംസാരിക്കാന്‍ തുടങ്ങിയത്.
ഹാര്‍ബര്‍ നിര്‍മിക്കുന്നത് വിദഗ്ധമായ പഠനം നടത്തിയതിന് ശേഷമാണെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. സമഗ്രമായ ഡിപിആര്‍ സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഹാര്‍ബര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കേന്ദ്ര-സംസ്ഥാന പദ്ധതികളാണ് എല്ലാമെന്നും അദ്ദേഹം പറഞ്ഞു.