രണ്ടുലക്ഷത്തിലധികം അഫ്ഗാന്‍ കുട്ടികള്‍ക്കായി സാമ്പത്തികസഹായം തേടി യൂണിസെഫ്

​​​​​​​

 
unicef

അഫ്ഗാനിസ്ഥാനില്‍ അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളുടെ ഇരകളായ കുട്ടികള്‍ക്ക് സഹായസഹകരണം ഉറപ്പുവരുത്താനായി രണ്ടേകാല്‍ കോടി ഡോളറിന്റെ ധനസഹായാഭ്യര്‍ത്ഥനയുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. 

ഓഗസ്റ്റ് 31-ന് രാജ്യത്തിന്റെ കിഴക്കന്‍ഭാഗത്തുള്ള കൂനാര്‍, നാന്ഗര്‍ഹര്‍  പ്രവിശ്യകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂകമ്പവും അതേത്തുടര്‍ന്നുണ്ടായ ചലനങ്ങളും മൂലം 2.200 പേരിലധികം മരിക്കുകയും 3.000-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 6.700 വീടുകളാണ് പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നത്.

അഫ്ഗാനിസ്ഥാനില്‍ ശൈത്യകാലം അടുത്തുവരുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍, രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു ധനസഹായാഭ്യര്‍ത്ഥനയുമായി ഈ ഐക്യരാഷ്ട്രസഭാസംഘടന മുന്നോട്ടുവന്നത്. 

രണ്ടുലക്ഷത്തിപ്പന്ത്രണ്ടായിരം കുട്ടികള്‍ ഉള്‍പ്പെടെ നാലു ലക്ഷത്തോളം ആളുകള്‍ക്ക് സഹായമെത്തിക്കാനുള്ള, ആറുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതികളാണ് ശിശുക്ഷേമനിധി വിഭാവനം ചെയ്യുന്നത്.

ആരോഗ്യപരിപാലനരംഗത്തും അത്യാഹിതസേവനരംഗത്തും വേണ്ട സഹായസഹകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ശുദ്ധജലസൗകര്യം ലഭ്യമാക്കുക, ശുചിത്വസേവനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കുട്ടികള്‍ നേരിടുന്ന പോഷകാഹാരലഭ്യതക്കുറവിന് പരിഹാരം കണ്ടെത്തുക, ധനസഹായം ആവശ്യമുള്ളയിടങ്ങളില്‍ അതെത്തിക്കുക, മനഃശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാക്കുക, വിദ്യാഭ്യാസസൗകര്യങ്ങള്‍ ഏവര്‍ക്കും ലഭിക്കുന്നുവെന്നത് ഉറപ്പാക്കുക തുടങ്ങിയവയാണ് സംഘടന ലക്ഷ്യമിടുന്നത്.

ഭൂകമ്പമുണ്ടായ പ്രദേശങ്ങളില്‍ ആദ്യദിവസം മുതല്‍ യൂണിസെഫ് തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നുവെന്നും, എന്നാല്‍ ശൈത്യകാലം അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ സേവനം കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നതിനാലാണ് നിലവില്‍ ഇത്തരമൊരു അഭ്യര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നതെന്നും യൂണിസെഫിന്റെ അഫ്ഗാനിസ്ഥാനിലെ പ്രതിനിധി തജുദീന്‍ ഒയേവാലെ അറിയിച്ചു.

Tags

Share this story

From Around the Web