ലോകത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം പത്തൊന്‍പത് കോടിയോളം: യൂണിസെഫ്

 
FOOD

വത്തിക്കാന്‍സിറ്റി: ലോകത്ത് പത്തിലൊന്ന് കുട്ടികളും കൗമാരക്കാരും പൊണ്ണത്തടിയുള്ളവരാണെന്നും, ജനനം മുതല്‍, കൃത്യവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരേണ്ടതിന്റെ പ്രാധാന്യമാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും യൂണിസെഫ്. 

അടുത്തിടെ യൂണിസെഫ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍, ഇറ്റലിയിലെ യൂണിസെഫ് ഘടകമാണ്, ലോക പൊണ്ണത്തടി ദിനം ആചരിക്കപ്പെടുന്ന മാര്‍ച്ച് നാലാം തീയതി ഇത്തരമൊരു വസ്തുതയിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

ഇതാദ്യമായി കഴിഞ്ഞവര്‍ഷം ലോകത്ത് പോഷകാഹാരക്കുറവ് മൂലം അനാരോഗ്യകരമായ രീതിയില്‍ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍, പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം കൂടുതലായി. 

സഹാറായ്ക്ക് തെക്കുള്ള ആഫ്രിക്കന്‍ പ്രദേശങ്ങളിലും, ദക്ഷിണേഷ്യയിലും മാത്രമാണ് കണക്കുകള്‍ വ്യത്യസ്തമാകുന്നത്. 

2000-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ 2022-ല്‍ ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം 13-ല്‍നിന്ന് 9.2 ശതമാനമായി കുറഞ്ഞപ്പോള്‍, പൊണ്ണത്തടിയുള്ളവരുടെ ശതമാനം 3-ല്‍ നിന്ന് 9.2 ശതമാനമായി വളര്‍ന്നു.

അമിതഭാരത്തിന്റെ ഒരു ഗുരുതരമായ രൂപമാണ് പൊണ്ണത്തടി, ഇത് ഇന്‍സുലിന്‍ പ്രതിരോധം, കടുത്ത രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് യൂണിസെഫ് എഴുതി.

 മുതിര്‍ന്ന പ്രായത്തില്‍ ജീവനുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന രോഗങ്ങള്‍ക്കും പൊണ്ണത്തടി കാരണമായേക്കാം.

നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്ത് അഞ്ചിലൊന്ന് കുട്ടികളും കൗമാരക്കാരും, അതായത് ഏതാണ്ട് മുപ്പത്തിയൊന്‍പത് കോടിയോളം പേരാണ് അമിതവണ്ണം മൂലം ബുദ്ധിമുട്ടുന്നത്.

2022-ലെ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ അഞ്ചിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 10 ശതമാനം പൊണ്ണത്തടിയുള്ളവരാണ്. രാജ്യത്ത് ഏതാണ്ട് 27 ശതമാനവും കുട്ടികളും കൗമാരക്കാരും അമിതവണ്ണമുള്ളവരാണ്.
 

Tags

Share this story

From Around the Web