ഗാസായിലെ വെടിനിറുത്തല്‍ പ്രഖ്യാപനം കുട്ടികളുടെ ജീവന് പ്രതീക്ഷ: യൂണിസെഫ്

വത്തിക്കാന്‍:ഗാസായിലുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ ജീവനില്‍ പ്രത്യാശ നിറയ്ക്കുന്നതാണ് നിലവിലെ വെടിനിറുത്തല്‍ പ്രഖ്യാപനമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
നാളിതുവരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ പരിക്കേറ്റവരും മരിച്ചവരുമായി അറുപതിനാലായിരത്തിലധികം കുട്ടികളുണ്ടെന്ന് ഒക്ടോബര്‍ 10 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.
പരിക്കേറ്റവരില്‍ ഇരുപത്തിയഞ്ച് ശതമാനം കുട്ടികളുടെയും ജീവിതഗതിതന്നെ മാറിപ്പോയെന്ന് സംഘടന അപലപിച്ചു.
പാലസ്തീന-ഇസ്രായേല്‍ യുദ്ധത്തിന് അവസാനം കുറിച്ചേക്കാവുന്ന നടപടികളിലേക്ക് നയിച്ചേക്കാവുന്ന നിലവിലെ വെടിനിറുത്തല്‍ പ്രഖ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍, നിലവിലെ നടപടികള്‍ പ്രദേശത്തുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യാശയുടെ വെളിച്ചം പകരുന്നതാണെന്ന് ജനീവയിലുള്ള തങ്ങളുടെ കേന്ദ്രത്തില്‍ വച്ച് യൂണിസെഫിന്റെ ഉപവക്താവ് റിക്കാര്‍ഡോ പീരെസ് സംഘടനയുടെ പേരില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കക്ഷികള്‍, പ്രദേശത്ത് സമാധാനം തിരികെ കൊണ്ടുവരാന്‍വേണ്ടി, നിലവിലെ കരാര്‍ പ്രാവര്‍ത്തികമാകുന്നുവെന്നും നിലനില്‍ക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് യൂണിസെഫ് ഓര്‍മ്മിപ്പിച്ചു.
പ്രദേശത്തെ ആവശ്യങ്ങളില്‍ ഇടപെടുന്നതിന് തങ്ങളുടെ സന്നദ്ധത വ്യക്തമാക്കിയ യൂണിസെഫ്, സേവനസൗകര്യങ്ങള്‍ എത്തേണ്ടതുണ്ടെന്നും, അതിനായി കഴിയുന്നിടത്തോളം ഇടങ്ങളില്‍ മാനവികസഹായമെത്തിക്കാനുള്ള ഇടനാഴികള്‍ തുറക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രദേശത്ത് നവജാതശിശുക്കളുടെ മാത്രമല്ല, മുതിര്‍ന്ന കുട്ടികളുടെ മരണത്തിന് പോലും കാരണമാകുന്ന വിധത്തില്‍ കുട്ടികളുടെ പ്രതിരോധശക്തി കുറഞ്ഞിട്ടുണ്ടെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.
പ്രദേശത്ത് വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ കൂടി പശ്ചാത്തലത്തില്‍, ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശീതകാലത്തേക്കുള്ള വസ്ത്രങ്ങളും, മറ്റു കുട്ടികള്‍ക്ക് പുതപ്പുകളും എത്തിക്കുകയെന്നതാണ് നിലവില്‍ തങ്ങളുടെ ലക്ഷ്യമെന്ന് യൂണിസെഫ് വിശദീകരിച്ചു.
വെടിനിറുത്തല്‍ വാക്കുകളില്‍ മാത്രം ഒതുങ്ങരുതെന്നും, അടിയന്തിര മാനവികസഹായമെത്തിക്കുന്നതിന് മാത്രമല്ല, ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന വിധത്തില്‍ അതിന്റെ ഫലങ്ങള്‍ നിലനില്‍ക്കുന്നതിന് വേണ്ടി ശ്രമിക്കണമെന്നും ശിശുക്ഷേമനിധി ആവശ്യപ്പെട്ടു.