ആഫ്രിക്കയില്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി അതിദയനീയമെന്ന് യുണിസെഫ് സംഘടനയുടെ റിപ്പോര്‍ട്ട്
ആക്രമണങ്ങളും, അരക്ഷിതാവസ്ഥകളും രൂക്ഷമാകുന്ന ആഫ്രിക്കയില്‍, കുട്ടികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുന്നുവെന്നു യൂണിസെഫ് സംഘടന പുറത്തിറക്കിയ വാര്‍ത്താ പ്രസ്താവനയിലെ റിപ്പോര്‍ട്ട്.
മധ്യ- സഹേല്‍ രാഷ്ട്രങ്ങളായ ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഈ മേഖലയിലെ ദശലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലയെന്നതും ഏറെ വേദനയുളവാക്കുന്നു. 2.9 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതില്‍ പകുതിയോളം കുട്ടികളാണ്.
അരക്ഷിതാവസ്ഥ, സ്ഥാനഭ്രംശം, കാലാവസ്ഥാ വ്യതിയാനം എന്നിവയാല്‍ ജീവിതം താറുമാറായ സഹേലിലെ കുട്ടികളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കാതറിന്‍ റസ്സല്‍ ആവശ്യപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം, കുട്ടികളുടെ സംരക്ഷണം എന്നിവയിലെ പ്രധാന വെല്ലുവിളികളെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹങ്ങളുടെ കൂട്ടായ്മയും അഭ്യര്‍ത്ഥിച്ചു.
ആക്രമണങ്ങളും, അരക്ഷിതാവസ്ഥകളും കാരണം 8,000-ത്തിലധികം സ്‌കൂളുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. എന്നാല്‍ വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ല എന്നത് പ്രധാനപ്പെട്ട ഒരു കാര്യമായും പ്രസ്താവനയില്‍ എടുത്തു പറഞ്ഞു.
ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍, പോഷകാഹാരം, ശുദ്ധജലം, സാമൂഹിക സംരക്ഷണം എന്നിവയുള്‍പ്പെടെ അവശ്യ സേവനങ്ങള്‍ നല്‍കുന്നതിനും സ്‌കൂളുകള്‍ തുറക്കുന്നതിനും മധ്യ - സഹേലിലെ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികളും യൂണിസെഫ് സംഘടന ആസൂത്രണം ചെയ്തുവരുന്നു.