സുഡാനില്‍ വിവിധ അക്രമണങ്ങളില്‍ 450 ആളുകള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്

 
Sudan

സുഡാന്‍: സുഡാനിലെ വടക്കന്‍ കോര്‍ഡോഫാന്‍ സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച അവസാനമുണ്ടായ വിവിധ അക്രമണങ്ങളിലായി നാനൂറ്റിയന്‍പത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ് അറിയിച്ചു. 

സംഭവത്തില്‍ 24 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും രണ്ട് ഗര്‍ഭിണികളായ സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് ജൂലൈ 16 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പില്‍ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി  വ്യക്തമാക്കി.

കോര്‍ഡോഫാന്‍ സംസ്ഥാനത്തെ ബാര നഗരത്തിനടുത്ത്, ഷാഗ് അല്‍നോം, ഹിലാത് ഹമീദ് എന്നീ ഗ്രാമങ്ങളുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ ഉണ്ടായ ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പലരെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മരണമടഞ്ഞ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നും യൂണിസെഫ് ആശങ്ക പ്രകടിപ്പിച്ചു.

ഈ കിരാത ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച ശിശുക്ഷേമനിധി ഇത് സമൂഹത്തിലുള്ള അക്രമാസക്തിയുടെ വര്‍ദ്ധനവും അന്താരാഷ്ട്രമാനവികനിയമങ്ങളോടും മനുഷ്യജീവിതത്തോടും മാനവികതയുടെ അടിസ്ഥാനതത്വങ്ങളോടുമുള്ള അവഗണനയുമാണ് വ്യക്തമാക്കുന്നതെന്ന് പ്രസ്താവിച്ചു.

സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അക്രമത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിക്കണമെന്നും, അന്താരാഷ്ട്രനിയമവും, മാനവികനിയമങ്ങളും മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളും കടമകളും പാലിക്കാന്‍ തയ്യാറാകണമെന്നും യൂണിസെഫ് തങ്ങളുടെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സാധാരണ ജനം, പ്രത്യേകിച്ച് കൊച്ചു കുട്ടികള്‍ ആക്രമണങ്ങളുടെ ഇരകളാകുന്നത് അംഗീകരിക്കാനാകില്ലെന്ന് സംഘടന എഴുതി. എല്ലാ അക്രമങ്ങളുടെയും പിന്നിലുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കണമെന്നും, ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും ശിശുക്ഷേമനിധി ആവശ്യപ്പെട്ടു. കുട്ടികളുടെ ജീവനെ ഇല്ലാതാക്കുന്ന വിധത്തില്‍ വരെയെത്തുന്ന അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

2024-ല്‍ ഉണ്ടായ ആക്രമണങ്ങളുടെ 6 ശതമാനം ഇരകളും കുട്ടികളായിരുന്നു. ആ വര്‍ഷം നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും പലര്‍ക്കും അംഗഭംഗം നേരിടുകയും, സായുധസംഘങ്ങളില്‍ നിര്‍ബന്ധിതമായി പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 2025-ന്റെ ആരംഭം മുതല്‍ രാജ്യത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമായി വരികയാണ്.

Tags

Share this story

From Around the Web