ലോകത്ത് പോഷകാഹാരക്കുറവനുഭവിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള പരിശ്രമങ്ങളുമായി യൂണിസെഫ് ഇറ്റലി

 
UNICEF NEW



ഇറ്റലി:ലോകത്തിന്റെ വിവിധയിടങ്ങളില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് സഹായമേകാന്‍ പദ്ധതിയുമായി യൂണിസെഫ് ഇറ്റലി. 

മുന്‍ വര്‍ഷങ്ങളിലെന്നപോലെ, ഇത്തവണയും ക്രിസ്തുമസ് കാലത്ത്, ഇറ്റലിയിലെ നാനൂറിലധികം ചത്വരങ്ങളില്‍ തുണി കൊണ്ടുണ്ടാക്കിയ 'പിഗോത്ത'  എന്ന് വിളിക്കപ്പെടുന്ന പാവ വില്‍പ്പനയിലൂടെ ലഭിക്കുന്ന ധനമുപയോഗിച്ച് പോഷകാഹാരക്കുറവിനെതിരായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 30 വര്‍ഷങ്ങളായി, ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പിഗോത്ത പാവ വില്‍പ്പനയിലൂടെ യൂണിസെഫ് ശ്രമിക്കുന്നുണ്ടെന്നും, പോഷകാഹാരം, ചികിത്സ, പ്രതിരോധമരുന്നുകള്‍, തുടങ്ങി കുട്ടികളുടെ ആവശ്യങ്ങള്‍ക്കായാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും, ഇറ്റലിയിലെ യൂണിസെഫ് പ്രസിഡന്റ് നിക്കൊളാ ഗ്രസ്സിയാനോ പ്രസ്താവിച്ചു. ഒരു 'പിഗോത്ത'യെ ദത്തെടുക്കുന്നതിന് കുറഞ്ഞത് 20 യൂറോ ആണ് കണക്കാക്കപ്പെടുന്നത്.

പോഷകാഹാരക്കുറവ് ഒരു നിശബ്ദമായ അടിയന്തിരാവസ്ഥയാണെന്നും ശിശുമരണനിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണെന്നും തങ്ങളുടെ പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ച യൂണിസെഫ്, കുട്ടികളുടെ നിലനില്‍പ്പ്, ശാരീരികാവളര്‍ച്ച, തലച്ചോറിന്റെ വികസനം എന്നിവയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും, രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വിശദീകരിച്ചു.

ലോകത്ത് പതിനഞ്ച് കോടിയിലധികം കുട്ടികള്‍ തുടര്‍ച്ചയായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും, ഇവരില്‍ നാലേകാല്‍ കോടിയോളം കുട്ടികള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അറിയിച്ച യൂണിസെഫ്, 'ഒരു പിഗോത്തയെ ദത്തെടുത്ത്, ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കുക' എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

Tags

Share this story

From Around the Web