സോമാലിയയിലെ കുട്ടികൾക്കുവേണ്ടി ആഗോളപിന്തുണ അഭ്യർത്ഥിച്ച് യൂണിസെഫ് ഡയറക്ടർ ജനറൽ
സൊമാലിയയിൽ ഇരുപത് ലക്ഷത്തോളം കുട്ടികളാണ് കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കാൻ പോകുന്നതെന്നും, ഇത്തരമൊരു പ്രതിസന്ധിയെ അതിജീവിക്കാൻ ആഗോളതലത്തിൽ സഹകരണവും പിന്തുണയും ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. രാജ്യത്ത് കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ കൂടുതൽ വഷളാകുകയാണെന്ന് അഭിപ്രായപ്പെട്ട യൂണിസെഫ് അദ്ധ്യക്ഷ, വരൾച്ചയും, സംഘർഷങ്ങളും, കുടിയിറക്കവും, സാമ്പത്തികപ്രശ്നങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്ന്, സൊമാലിയയിലേക്ക് നടത്തിയ യാത്രയുടെ അവസാനം പുറത്തുവിട്ട പ്രസ്താവനയിൽ അനുസ്മരിച്ചു.
മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ വർദ്ധിക്കുന്നത്, ആഗോള തലത്തിലുള്ള സഹായസഹകരണങ്ങൾ കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും, സൊമാലിയയുടെ കാര്യത്തിൽ ഇത് ഗുരുതരമായ പ്രതിസന്ധിയാണ് ഉളവാക്കുന്നതെന്നും കാതറിൻ റസ്സൽ പ്രസ്താവിച്ചു.
ശുദ്ധജലലഭ്യതയാണ് നിലവിലെ പ്രതിസന്ധിയിൽ കൂടുതൽ പ്രധാനപ്പെട്ട ഒന്നെന്ന് ഓർമ്മിപ്പിച്ച ശിശുക്ഷേമനിധി, വരൾച്ചയനുഭവിക്കുന്ന ഇടങ്ങളിൽ വെള്ളത്തിന്റെ വില ഇരട്ടിയിലധികമായെന്ന് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ ഉറപ്പാക്കാൻവേണ്ടി പാടുപെടുന്ന അമ്മമാരുടെ ദൃശ്യം ഏറെ വേദനാജനകമാണെന്ന് തന്റെ യാത്രയെ അധികരിച്ച് യൂണിസെഫ് ഡയറക്ടർ ജനറൽ പറഞ്ഞു.
കുട്ടികൾക്കുള്ള പോഷകാഹാരം, പ്രതിരോധമരുന്നുകൾ, മലേറിയയിൽനിന്ന് രക്ഷപെടാൻ വേണ്ട സൗകര്യങ്ങൾ തുടങ്ങി ഏതാണ്ട് 16 മില്യൺ ഡോളറിന്റെ സാധനസാമഗ്രികൾ ഒരുക്കിയിട്ടുണ്ടെങ്കിലും മദ്ധ്യപൂർവ്വദേശങ്ങളിലെ പ്രതിസന്ധി തുടരുന്നത് ഇത് കൂടുതൽ വൈകിക്കാനും, കൂടുതൽ ചിലവേറിയതാക്കാനും കാരണമാകുന്നുണ്ടെന്നും ശ്രീമതി റസ്സൽ അറിയിച്ചു.
സാമ്പത്തികലഭ്യതക്കുറവ് മൂലം രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം ആരോഗ്യമേഖലയിലെ ഭക്ഷണവിതരണമേഖലയിലുമായി ഏതാണ്ട് നാനൂറോളം കേന്ദ്രങ്ങൾ അടയ്‌ക്കേണ്ടിവന്നുവെന്ന് യൂണിസെഫ് അറിയിച്ചു.
സാമ്പത്തികപ്രതിസന്ധി ഉണ്ടാകുന്നതിന് മുൻപുതന്നെ ഏതാണ്ട് മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായിരുന്നുവെന്നും സംഘടനാനേതൃത്വം വ്യക്തമാക്കി.
സോമാലിയയിലെ കുട്ടികൾക്ക് വേണ്ട അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി ഏതാണ്ട് പന്ത്രണ്ട് കോടിയോളം ഡോളറിന്റെ സഹായമാണ് ആവശ്യമായിരിക്കുന്നത്.