ലെബനനില്‍ 32.5 ടണ്‍ അടിയന്തര മെഡിക്കല്‍ സാധനങ്ങള്‍ കൂടി എത്തിച്ച് യൂണിസെഫ്
ശക്തമായ ആക്രമണങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ലെബനനില്‍ ആശ്വാസത്തിന്റെ കൈത്താങ്ങായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.
നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും അതിലേറെ ആളുകള്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്ത മദ്ധ്യപൂര്‍വ്വദേശത്തെ ഈ രാജ്യത്ത്, 32.5 ടണ്‍ അടിയന്തര മെഡിക്കല്‍ സാധനങ്ങള്‍ കൂടി എത്തിച്ച് ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്, മാര്‍ച്ച് 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നിലവിലെ സംഘര്‍ഷങ്ങളും ആക്രമണങ്ങളും കൂടുതല്‍ ശക്തമായി വരുന്നതിനിടെ, രാജ്യത്ത് 116 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യൂണിസെഫ് അറിയിച്ചു. 356-ലധികം കുട്ടികള്‍ക്ക് പരിക്കേറ്റു. ലെബനനിലെ ആശുപത്രികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, അടിയന്തിര സഹായം ലഭ്യമാകുന്നില്ലെങ്കില്‍, കുട്ടികളുടേതുള്‍പ്പെടെ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള സാധ്യതകള്‍ കുറയുമെന്നും ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പില്‍ എഴുതി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്, ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ക്കും യൂണിസെഫ് അടിയന്തിര സാധനസാമഗ്രികള്‍ എത്തിച്ചത്.
മാര്‍ച്ച് 2 മുതല്‍ നാളിതുവരെ ലെബനനില്‍ എണ്ണൂറ് ടണ്ണോളം അടിയന്തിര ദുരിതാശ്വാസസഹായവസ്തുക്കള്‍ എത്തിച്ചിട്ടുണ്ടെന്നും, അതുവഴി ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് സഹായമേകാന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്നും ശിശുക്ഷേമനിധി അവകാശപ്പെട്ടു. ഇവരില്‍ ഇരുന്നൂറ്റിയന്‍പതോളം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ള ആളുകളും ഉള്‍പ്പെടുമെന്ന് സംഘടന അറിയിച്ചു.
ലെബനനിലെ പൊതു ആരോഗ്യമേഖലാ മന്ത്രാലയവുമായും മറ്റ് സഹകാരികളുമായും ചേര്‍ന്ന്, നിലവിലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് യൂണിസെഫ് വ്യക്തമാക്കി. ആറുലക്ഷം ലിറ്റര്‍ കുടിവെള്ളം, രണ്ടായിരം പുതപ്പുകളും കിടക്കകളും, പതിനൊന്നായിരം ശൈത്യകാല കിറ്റുകള്‍, കുട്ടികള്‍ക്കായുള്ള നാല്‍പ്പതിനായിരം ശുചിത്വകിറ്റുകള്‍ തുടങ്ങി നിരവധി സാധനസാമഗ്രികളാണ് സംഘടന എത്തിച്ചിരിക്കുന്നത്.
സാധാരണജനം, പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ സംരക്ഷിക്കപ്പെടണമെന്നും, മാനവികസഹായം സുരക്ഷിതമായി എത്തിക്കുന്നതിന് വേണ്ട നടപടികള്‍ ഉറപ്പാക്കണമെന്നുമുള്ള തങ്ങളുടെ അഭ്യര്‍ത്ഥന യൂണിസെഫ് ആവര്‍ത്തിച്ചു.