ഇറാനില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു: കുട്ടികളുടെയും കൗമാരക്കാരുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് യൂണിസെഫ്

 
iran


ഇറാന്‍: ഇറാനില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍, അവിടെയുള്ള കുട്ടികളും കൗമാരക്കാരും നേരിടുന്ന പ്രതിസന്ധികളില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂനിസ്. 


ജനുവരി 12 തിങ്കളാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ, മദ്ധ്യപൂര്‍വ്വദേശങ്ങള്‍ക്കും വടക്കേ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടര്‍ എഡ്വേഡ് ബീഗ്‌ബെഡറാണ് ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടത്.


 പ്രദേശത്ത് കുട്ടികളുടെയും കൗമാരക്കാരുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

നിരവധി കുട്ടികളുടെ മരണത്തെയും പരിക്കുകളെയും കുറിച്ചുള്ള അറിയിപ്പുകളാണ് തങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിച്ച യൂണിസെഫ് പ്രാദേശിക ഡയറക്ടര്‍, ഈ സംഘര്‍ഷങ്ങളിലെ ഇരകളുടെ കുടുംബങ്ങള്‍ക്കും, ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്കും തങ്ങളുടെ സാമീപ്യം അറിയിക്കുകയും, അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

എല്ലാത്തരം അക്രമങ്ങളില്‍നിന്നും കുട്ടികള്‍ സംരക്ഷിക്കപ്പെടണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. അവരുടെ ജീവനോ, സ്വാതന്ത്ര്യത്തിനോ, ശാരീരിക, മാനസിക സുഖത്തിനോ വെല്ലുവിളിയുയര്‍ത്തുന്ന എല്ലാ സാഹചര്യങ്ങളില്‍നിന്നും അവര്‍ സുരക്ഷിതരായിരിക്കണമെന്നും ബീഗ്‌ബെഡര്‍ തന്റെ പ്രസ്താവനയില്‍ എഴുതി.

ഇറാനിലെ നേതൃത്വവും, പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, രാജ്യത്തെ വിവിധ ജനസമൂഹങ്ങളും കുടുംബങ്ങളും, കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും, സുരക്ഷാസേന, അനാവശ്യമായതും, അധികമായതുമായ ശക്തി ഉപയോഗിക്കരുതെന്നും, കുട്ടികള്‍ അപകടത്തിലാകനോ, അവരുടെ സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടാനോ ഉള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യൂണിസെഫ് പ്രാദേശിക വിഭാഗം ആവശ്യപ്പെട്ടു. 

Tags

Share this story

From Around the Web