മോഡി ഭരണത്തിനു കീഴില്‍ ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനവ്. 2050ന് മുമ്പ് ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വത്വവും നിലനില്‍പ്പു ഭീഷണിയിലാകും

​​​​​​​

 
CHRISTIAN

കോട്ടയം: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ മത പരിവര്‍ത്തനം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു.വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണു നിയമക്കുരുക്കില്‍പ്പെട്ടു കഴിയുന്നത്.

പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തിന് സഹായം ചെയ്താല്‍ പോലും അതിനെ വളച്ചൊടിച്ചു കുറ്റകൃത്യമായി മാറ്റുന്ന അവസ്ഥയുണ്ട്. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ 2014ല്‍ 127 എണ്ണമായിരുന്നെങ്കില്‍ ഇത് 2024 ഡിസംബറോടെ 834 ആയി ഉയര്‍ന്നു.

2025 പകുതിയെത്തിയപ്പോഴേയ്ക്കും മുന്‍ വര്‍ഷത്തെ കേസുകളുടെ അടുത്ത് എത്താറായി. ക്രിസ്ത്യന്‍ സമൂഹം രാജ്യത്ത് കള്‍ച്ചറല്‍ പോലീസിങ്ങിനാണു വിധേയമാകുന്നത്.  ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ഛത്തീസ്ഗഡില്‍ നടന്നത്.

ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്ദള്‍ ആക്രമണം ദൃക്സാക്ഷിയായ മലയാളി വൈദികന്‍ വിവരിക്കുന്ന് ഏവരെയും ഞെട്ടിക്കുന്നതാണ്. കന്യാസ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍, ബാഗില്‍ നിന്ന് ബൈബിള്‍ എടുത്തെറിഞ്ഞെന്നും ബിലായ് കാത്തലിക് ചര്‍ച്ചിലെ ഫാ. സാബു ജോസഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തീവ്രഹിന്ദു നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസുകാരുടെ മുമ്പില്‍ വച്ച് പെണ്‍കുട്ടികളെ ഉപദ്രവിച്ചു. കന്യാസ്ത്രീകളെ മര്‍ദിക്കുമെന്നു പറഞ്ഞ് ഭയപ്പെടുത്തുകയും വാക്കുകള്‍ കൊണ്ട് അപമാനിക്കുകയും ചെയ്തു.

ബൈബിള്‍ അടക്കമുള്ള വസ്തുക്കള്‍ ബാഗില്‍ നിന്ന് പുറത്തേക്ക് എടുത്തെറിഞ്ഞു എന്നും വൈദികന്‍ പറയുന്നു. പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണു കന്യാസ്ത്രീകള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

മതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ഹിന്ദുത്വവാദികളുടെ അതിക്രമങ്ങളും പോലീസിന്റെ കള്ളക്കേസുകളും പതിവാകുന്നതിനാല്‍ ക്രൈസ്തവരുടെ പ്രാര്‍ഥനാ കൂട്ടായ്മകള്‍ നടത്തുക പോലും ഇന്നു ദുഷ്‌കരമായി മാറി. മതപരിവര്‍ത്തനനിരോധന നിയമം നാലു പതിറ്റാണ്ടുകളായി സംസ്ഥാനത്തുണ്ടെങ്കിലും, പത്തു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായ വ്യവസ്ഥകള്‍ പുതിയ ഭേദഗതിയോടെയാണു നിലവില്‍ വന്നത്.

തുടര്‍ന്ന്, ഹിന്ദുത്വസംഘടനകള്‍ ഇതനുസരിച്ചുള്ള കേസുകള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുണ്ട്. ഹിന്ദു മതത്തിലേയ്ക്കുള്ള മാറ്റം ഈ നിയമത്തിന്റെ പരിധിയില്‍ വരികയുമില്ല. ഭേദഗതി നിലവില്‍ വന്ന മാസം തന്നെ ഹിന്ദുത്വവാദികള്‍ ഒരു ക്രൈസ്തവ പ്രാര്‍ഥനാഹാളില്‍ അതിക്രമിച്ചു കയറുകയും ഒമ്പതു പേരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റു ചെയ്യിക്കുകയും ചെയ്തിരുന്നു.

പിന്നീട് നിയമം രാജ്യ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതാണു നടന്നു വരുന്നത്. അടിയന്തിരവും രാഷ്ട്രീയപരവും നിര്‍ണായകവുമായ നടപടികള്‍ ഭരണനേതൃത്വം സ്വീകരിച്ചില്ലെങ്കില്‍ 2050ന് മുമ്പ് ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വത്വവും നിലനില്‍പ്പും തന്നെ ഭീഷണിയിലാകുന്ന അവസ്ഥയുണ്ടെന്നു യുണൈറ്റഡ് ക്രിസ്ത്യന് ഫോറം ഉള്‍പ്പടെയുള്ള സംഘടനകള്‍ മുന്നറിയിപ്പു നല്‍കുന്നു.

Tags

Share this story

From Around the Web