അസഹ്യമായ വയറുവേദന; യുവതിയുടെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും ഒരു മെഴുകുതിരിയും. ആന്ധ്രാപ്രദേശിലെ പാലനാട് ജില്ലയിലാണ് സംഭവം
പാലനാട്: ആന്ധ്രാപ്രദേശിലെ പാലനാട് ജില്ലയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 33കാരിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഇരുപതോളം വസ്തുക്കള്‍.
14 പേനകള്‍, അഞ്ച് സ്പൂണുകള്‍, ഒരു മെഴുകുതിരി എന്നിവയാണ് ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്.
പെത്ലൂരിവാരിപാലേം സ്വദേശിനിയായ യുവതിയെ അസഹ്യമായ വയറുവേദനയെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ സ്‌കാനിംഗിലാണ് യുവതിയുടെ ഉള്ളില്‍ ഇത്രയധികം വസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയത്.
നരസറാവുപേട്ടയിലെ മാതാശ്രീ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് യുവതിയെ പരിശോധിച്ചത്.
തുടര്‍ന്ന് ലാപറോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടര്‍മാര്‍ ഈ വസ്തുക്കള്‍ ഓരോന്നായി പുറത്തെടുത്തത്. വയറ്റില്‍ നിന്ന് നീക്കം ചെയ്ത 14 പേനകളില്‍ ഒന്നിന് മൂടി ഉണ്ടായിരുന്നില്ല.
ഈ പേനയുടെ കൂര്‍ത്ത അറ്റം വയറിനുള്ളില്‍ തുളച്ചു കയറിയതാണ് യുവതിക്ക് കടുത്ത വേദന അനുഭവപ്പെടാന്‍ പ്രധാന കാരണമെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഭക്ഷ്യയോഗ്യമല്ലാത്ത ഇത്തരം സാധനങ്ങള്‍ യുവതി എങ്ങനെ വിഴുങ്ങി എന്നത് ഏവരിലും അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, യുവതിക്ക് കഴിഞ്ഞ 10 വര്‍ഷമായി മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അവരുടെ പിതാവ് പറയുന്നു.
ഭക്ഷണമായി കണക്കാക്കാത്തതും യാതൊരുവിധ പോഷകഗുണവുമില്ലാത്തതുമായ സാധനങ്ങള്‍ (പേപ്പര്‍, പ്ലാസ്റ്റിക്, ലോഹങ്ങള്‍ തുടങ്ങിയവ) നിരന്തരം കഴിക്കാന്‍ തോന്നുന്ന 'പിക്ക സിന്‍ഡ്രോം' എന്ന രോഗാവസ്ഥയാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.