അമ്മ മരിച്ചതറിയാതെ രാത്രി മുഴുവന്‍ ഉണര്‍ത്താന്‍ ശ്രമിച്ചു; കരഞ്ഞുതളര്‍ന്ന് ബോധംകെട്ട നിലയില്‍ മൂന്നുവയസ്സുകാരന്‍
അമരാവതി: ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ അമ്മ മരിച്ചതറിയാതെ രാത്രി മുഴുവന്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മൂന്നുവയസ്സുകാരനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തി. കര്‍ണൂലിലെ വെങ്കടരമണ കോളനിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന എ. സ്വാതി (30) എന്ന യുവതിയെയാണ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ പാദങ്ങള്‍ക്ക് താഴെയുള്ള ചെറിയ സ്റ്റൂളില്‍ കരഞ്ഞു തളര്‍ന്ന് ബോധംകെട്ട നിലയിലായിരുന്ന മകന്‍ ശ്രീയാനെ (3) അയല്‍വാസികളും പോലീസും ചേര്‍ന്ന് വാതില്‍ തകര്‍ത്താണ് പുറത്തെടുത്തത്.
രാത്രി മുഴുവന്‍ അമ്മയുടെ കാലില്‍ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ഉണര്‍ത്താന്‍ ശ്രമിച്ച കുട്ടി കരഞ്ഞു തളര്‍ന്നാണ് ബോധരഹിതനായത്. ഭര്‍ത്താവ് ഗണേഷുമായി കഴിഞ്ഞ ഒരു വര്‍ഷമായി അകന്നുകഴിയുകയായിരുന്നു സ്വാതി. മകനും അമ്മ കലാവതിക്കുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് സ്വാതിയുടെ അമ്മ ഹൈദരാബാദിലേക്ക് പോയിരുന്നു. രാവിലെയായിട്ടും ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കര്‍ണൂല്‍ സെക്കന്‍ഡ് ടൗണ്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് ദാരുണമായ ഈ കാഴ്ച കണ്ടത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കുട്ടിയുടെ ബോധം വീണ്ടെടുത്തത്. ഏകാന്തജീവിതത്തിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്വാതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.