ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനം: 2026-ലെ ആഗോളസമാധാനത്തിന സന്ദേശത്തിന്റെ പ്രമേയം

വത്തിക്കാന്‍സിറ്റി:ഉക്രൈനിലും ഗാസാ മുനമ്പിലുമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതവും മരണവും വിതച്ചുകൊണ്ട് സായുധസംഘര്‍ഷങ്ങളും യുദ്ധങ്ങളും തുടരുന്നതിനിടെ അടുത്ത വര്‍ഷത്തെ ആഗോളസമാധാനദിനത്തിലേക്കുള്ള സന്ദേശത്തിന്റെ പ്രമേയം വെളിപ്പെടുത്തി സമഗ്ര മാനവികവികസന സേവനത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി.
'സമാധാനം നിങ്ങളേവരോടും കൂടെ: ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ ഒരു സമാധാനത്തിലേക്ക്' എന്നതായിരിക്കും 2026-ലെ ആഗോളസമാധാനത്തിനസന്ദേശത്തിന്റെ പ്രമേയം.
സ്‌നേഹത്തിലും നീതിയിലും അടിസ്ഥാനമിട്ട യഥാര്‍ത്ഥ സമാധാനത്തെ ആശ്ലേഷിക്കാനും, അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുക്തിയെ നിരസിക്കാനും മാനവികതയെ ക്ഷണിക്കുന്നതാണ് ലിയോ പതിനാലാമന്‍ പാപ്പാ 2026-ലെ ആഗോള സമാധാനദിനത്തിലേക്കായി തയ്യാറാക്കുന്ന സന്ദേശമെന്ന് ഡികാസ്റ്ററി പ്രസ്താവിച്ചു.
ലിയോ പതിനാലാമന്‍ പാപ്പാ ആഗോള സമാധാനദിനത്തിലേക്കായി നല്‍കുന്ന ആദ്യസന്ദേശമാണ് ഇതെന്ന പ്രത്യേകതകൂടി ഇത്തവണത്തെ സന്ദേശത്തിനുണ്ടായിരിക്കും.
ആധികാരികവും യാഥാര്‍ത്ഥവുമായ സമാധാനം ആയുധരഹിതമായിരിക്കണമെന്ന് പത്രക്കുറിപ്പിലൂടെ ഡികാസ്റ്ററി ഓര്‍മ്മിപ്പിച്ചു. ഭയത്തിലോ ഭീഷണിയിലോ ആയുധങ്ങളിലോ അടിസ്ഥാനമിട്ട ഒരു സമാധാനമായിരിക്കരുത് അതെന്ന് ഡികാസ്റ്ററി വിശദീകരിച്ചു.
എന്നാല്‍ അതേസമയം നിരായുധീകരിക്കുന്ന ഒരു സമാധാനമാണ് നമുക്ക് ആവശ്യമെന്നും, സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനും, മറ്റുള്ളവരിലേക്ക് ഹൃദയങ്ങളെ തുറക്കാനും അവിടെ വിശ്വാസവും സഹാനുഭൂതിയും പ്രത്യാശയും ജനിപ്പിക്കാനും കഴിവുള്ളതായിരിക്കണം അതെന്നും ഡികാസ്റ്ററി ഓര്‍മ്മിപ്പിച്ചു.
സമാധാനത്തിനായി ക്ഷണിക്കുക എന്നതിനപ്പുറം, പ്രത്യക്ഷത്തിലുള്ളതും, ഘടനാപരവുമായ എല്ലാത്തരം അക്രമങ്ങളെയും നിരസിക്കുന്ന ഒരു ജീവിതശൈലി ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന് സമഗ്ര മാനവികവികസന സേവനത്തിനായുള്ള ഡികാസ്റ്ററി പ്രസ്താവിച്ചു.
'സമാധാനം നിങ്ങളോടുകൂടെ' എന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ അഭിവാദ്യം എല്ലാവര്‍ക്കും, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും, രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവര്‍ക്കും പൗരന്മാര്‍ക്കും വേണ്ടിയുള്ള ഒരു വിളിയാണെന്നും, ഇത് ദൈവരാജ്യം പടുത്തുയര്‍ത്താനും, മാനവികവും സമാധാനപരവുമായ ഒരു ഭാവി ഉണ്ടാക്കിയെടുക്കുന്നത് ലക്ഷ്യമാക്കിയുള്ളതുമാണെന്നും ഡികാസ്റ്ററി കൂട്ടിച്ചേര്‍ത്തു.
ആഗോളസമാധാനത്തിനായുള്ള പ്രാര്‍ത്ഥനയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷണിച്ചുകൊണ്ട്, എല്ലാ വര്‍ഷവും ജനുവരി 1 ന് കത്തോലിക്കാ സഭ മുന്നോട്ടുവയ്ക്കുന്ന ഒരു അനുസ്മരണദിനമാണ് ആഗോളസമാധാന ദിനം.