ഗർഭിണിയായ ഭാര്യയുടെ വിയോഗം താങ്ങാനായില്ല, നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി

 
233

എടത്വ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്ന യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനെയാണ് (30) മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് സ്വദേശി ഹരീഷ്മയെ (27) രണ്ടുദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി സനുക്കുട്ടൻ ദോഹയിലേക്ക് പോയിരുന്നു. ഇതിനിടെയാണ് ഗർഭിണിയായിരുന്ന ഹരീഷ്മയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭാര്യയുടെ മരണവാർത്തയറിഞ്ഞ സനുക്കുട്ടൻ ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചു. കണക്ഷൻ ഫ്ലൈറ്റിൽ ബെംഗളൂരുവിലെത്തിയ സനുക്കുട്ടൻ, അവിടെനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്.

സനുക്കുട്ടനെ കാത്ത് സഹോദരനും ബന്ധുക്കളും നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അദ്ദേഹം എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവളം അധികൃതരുമായും പൊലീസുമായും ബന്ധപ്പെട്ടപ്പോഴാണ് നഗരത്തിലെ ഒരു ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം ലഭിച്ചത്. ബന്ധുക്കളെത്തിയാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്.

മൂന്നുമാസം ഗർഭിണിയായിരുന്നു ഹരീഷ്മ. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടന്നു. ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായ ഈ അകാല വിയോഗം കുടുംബത്തെയും നാട്ടുകാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags

Share this story

From Around the Web