ലോകത്തു ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാകുന്നത് ക്രൈസ്തവ സമൂഹം: യുഎന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍
ജനീവ: ലോകത്തു ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാകുന്ന സമൂഹമാണ് ക്രൈസ്തവരെന്നു ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് എറ്റോര്‍ ബാലെസ്‌ട്രെറോ.
2023 മുതല്‍ ഈ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജനീവയില്‍ നടക്കുന്ന കോണ്‍ഫറന്‍സിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
'പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം നില്‍ക്കുക: വിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും പ്രതിരോധിക്കുക' എന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച സന്ദേശത്തിന്റെ തലക്കെട്ട്.
കഴിഞ്ഞ വര്‍ഷം ഏകദേശം 5,000 ക്രൈസ്തവര്‍ വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ടുവെന്ന് ലോക വ്യാപാര സംഘടനയുടെയും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി കൂടിയായ ബാലെസ്‌ട്രെറോ ചൂണ്ടിക്കാട്ടി. ഒരു ദിവസം 13 പേര്‍ക്ക് തുല്യമെന്ന രീതിയിലാണ് കണക്ക്.
ഇരകളെ 'രക്തസാക്ഷികള്‍' എന്ന പദത്തിന്റെ അര്‍ത്ഥത്തിലാണ് കാണാന്‍ കഴിയുകയെന്നും അവര്‍ അധികാരത്തിന്റെ യുക്തിയെ വെല്ലുവിളിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വാസപ്രമാണത്തിന്റെ സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഏകദേശം 400 ദശലക്ഷം ക്രൈസ്തവര്‍ പീഡനമോ അക്രമമോ നേരിടുന്നുണ്ടെന്നും ഇത് അവരെ ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മതസമൂഹമാക്കി മാറ്റുകയാണെന്നും ആര്‍ച്ച് ബിഷപ്പ് എറ്റോര്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ക്രൈസ്തവര്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രങ്ങള്‍ സംരക്ഷണം നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നു തിരിച്ചറിയണമെന്നും തങ്ങളുടെ ഉത്തരവാദിത്വം മറന്നു ശ്രദ്ധ തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.