ബിഷപ്പ് മാത്തയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടണം: നിക്കരാഗ്വന്‍ ഭരണകൂടത്തോട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

 
BISHOP ABELERDO MATHE



ജൂണ്‍ അവസാനത്തോടെ കാണാതായ ബിഷപ്പ് അബെലാര്‍ഡോ മാത്തയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് നിക്കരാഗ്വന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 

''ജൂണ്‍ 29-ന് തടവിലാക്കപ്പെട്ട 80 വയസ്സുള്ള ബിഷപ്പ് മാത്തയുടെ അവസ്ഥയെക്കുറിച്ചോ എവിടെയാണെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലാത്തത് ഉള്‍പ്പെടെ, കത്തോലിക്കാ സഭയ്ക്കും മറ്റ് മതവിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളില്‍ ഞാന്‍ ആശങ്കാകുലനാണ്,''- ജൂലൈ 22-ന് ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.

''ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന എല്ലാവരെയും ഉടന്‍ മോചിപ്പിക്കണമെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം നിക്കരാഗ്വയ്ക്കുള്ള ബാധ്യതകള്‍ക്ക് അനുസൃതമായി എല്ലാ തടവുകാരോടും മാനുഷികമായും അന്തസ്സോടെയും പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും ഞാന്‍ അധികാരികളോട് അഭ്യര്‍ഥിക്കുന്നു,'' ടര്‍ക്ക് പറഞ്ഞു. 

എസ്റ്റെലിയിലെ ബിഷപ്പ് എമരിറ്റസ് മാത്തയെ വിശുദ്ധ കുര്‍ബാനയില്‍ നിക്കരാഗ്വയില്‍ പീഡനം അനുഭവിക്കുന്ന സഭയ്ക്കായി പ്രാര്‍ഥിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അദ്ദേഹം വീട്ടിലുണ്ടെന്നാണ് സ്വേച്ഛാധിപത്യ ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും നിലവില്‍ അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.


മൊണ്‍സിഞ്ഞോര്‍ അബെലാര്‍ഡോ മാത്തയെ ഡോക്ടറെ കാണിക്കാന്‍ അനുവദിക്കണമെന്ന് മധ്യ അമേരിക്കയിലെ ബിഷപ്പുമാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രമേഹം, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നതും ഹൃദ്രോഗം മൂലം പേസ്‌മേക്കര്‍ ഉപയോഗിക്കുന്നതുമായ 80 വയസ്സുള്ള ബിഷപ്പിന്റെ ആരോഗ്യസ്ഥിതിയില്‍ വിവിധ പ്രമുഖര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web