സ്ത്രീ പീഡനവും കടുത്ത നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യു എൻ സുരക്ഷാ കൗൺസിൽ

 
afgan

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുമേലുള്ള കടുത്ത നിയന്ത്രണങ്ങൾ അടിയന്തിരമായി പിൻവലിക്കാൻ താലിബാൻ ഭരണകൂടത്തോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ജൂൺ 16 ന് ചേർന്ന യു. എൻ. സുരക്ഷാ കൗൺസിൽ യോഗത്തിലാണ് താലിബാനെതിരെയുള്ള പ്രമേയം പാസാക്കിയത്. സ്ത്രീ വിരുദ്ധ നടപടികൾ അവസാനിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമർത്താനും പ്രമേയത്തിലൂടെ യു. എൻ. ആവശ്യപ്പെട്ടു.

ചൈന സ്പോൺസർ ചെയ്ത പ്രമേയമാണ് സുരക്ഷാ കൗൺസിലിൽ പാസാക്കിയത്. മനുഷ്യാവകാശങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അഫ്ഗാൻ സർക്കാർ കൂടുതൽ സജീവമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്നിലെ ചൈനീസ് അംബാസഡർ ഫു കോങ് പറഞ്ഞു.

പുതിയ പ്രമേയത്തിലൂടെ അഫ്ഗാനിസ്ഥാനിലെ യു. എൻ. രാഷ്ട്രീയ ദൗത്യത്തിന്റെ (UNAMA) കാലാവധി 2027 ജൂൺ 17 വരെ നീട്ടിയിട്ടുണ്ട്. ലിംഗഭേദമോ, മതമോ, വംശീയതയോ നോക്കാതെ എല്ലാ വിഭാഗം ജനങ്ങൾക്കും വിവേചനമില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കാൻ യു. എൻ. മിഷന് പ്രമേയം അധികാരം നൽകുന്നു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും യുവാക്കളുടെയും ഭിന്നശേഷിക്കാരുടെയും പൂർണ്ണവും തുല്യവുമായ പങ്കാളിത്തം ഉറപ്പാക്കാനും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

താലിബാന്റെ കർശനമായ വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് ഹെറാത്ത് നഗരത്തിൽ ഈ മാസം മുപ്പതോളം സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യു. എന്നിന്റെ ഈ അടിയന്തിര ഇടപെടൽ. അറസ്റ്റിനെതിരെ സ്ത്രീകൾ നടത്തിയ അപൂർവമായ പ്രതിഷേധ പ്രകടനത്തിന് നേരെ താലിബാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web