സുഡാനിൽ സഹായം എത്തിച്ചിരുന്ന ട്രക്കിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

 
Sudan

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചിരുന്ന ട്രക്കിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ കീഴിലുള്ള ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ഡാർഫർ മേഖലയിൽ സഹായവുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ ട്രക്കിന് കേടുപാടുകൾ സംഭവിക്കുകയും വിതരണത്തിന് കരുതിയിരുന്ന ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ചെയ്തു.

ആക്രമണത്തിൽ ട്രക്ക് ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന സഹായിക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഡാനിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ കടുത്ത പട്ടിണി നേരിടുമ്പോൾ, ഇത്തരത്തിലുള്ള ആക്രമണങ്ങൾ സഹായ വിതരണത്തെ പൂർണ്ണമായും തടസ്സപ്പെടുത്തുമെന്ന് യുഎൻ വക്താവ് മുന്നറിയിപ്പ് നൽകി.


ആക്രമണത്തിന് പിന്നിൽ സുഡാൻ സൈന്യമാണോ അതോ പാരാമിലിട്ടറി വിഭാഗമായ ആർ.എസ്.എഫ് ആണോ എന്ന് വ്യക്തമല്ല. അതേസമയം ഇരു വിഭാഗങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് യുദ്ധക്കുറ്റമായി കണക്കാക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

Tags

Share this story

From Around the Web