റിയാദില്‍ ഉംറ സംഘം അപകടത്തില്‍പെട്ടു; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം, 38 പേര്‍ക്ക് പരിക്ക്
റിയാദ്: ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് മരണം. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ പൗരനുമാണ് മരിച്ചത്. ഉത്തര്‍ പ്രദേശ് സ്വദേശികളായ അന്‍വര്‍ ഹുസ്സൈന്‍ (53), ഷക്കീല്‍ അഹമ്മദ് ഷാ (48) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ബസ് ഡ്രൈവറായ പാകിസ്താന്‍ സ്വദേശി മുഹമ്മദ് ഉമര്‍ മുഹമ്മദ് (28) ആണ് മരണപ്പെട്ട മൂന്നാമത്തെ വ്യക്തി.
ഇന്നലെ റിയാദ്- മക്ക റോഡിലെ റുവൈദയിലാണ് അപകടം. ദമ്മാമില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനത്തില്‍ ആറ് ഇന്ത്യക്കാരുള്‍പ്പടെ 44 പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ റുവൈദ, അല്‍ ഖുവയ്യ, ഖാസിറ എന്നീ ആശുപത്രികളില്‍ പ്രവേശിച്ചിട്ടുണ്ട്.
ഇന്ത്യ, പാക്കിസ്ഥാന്‍, യമന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണ് ഇവര്‍. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ റുവൈദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരണപ്പട്ട അന്‍വറിന്റെ ഭാര്യ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി സാമൂഹിക പ്രവര്‍ത്തകരായ സിദ്ദിഖ് തുവ്വൂര്‍, ജലീല്‍ റുവൈദ എന്നിവര്‍ രംഗത്തുണ്ട്.