അള്‍ട്രാവയലറ്റ് രശ്മികള്‍ വില്ലനാകുന്നു: സൂര്യാതപത്തിന് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

 
SUN HEAT


കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ രീതിയില്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.


 സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ തുടര്‍ച്ചയായി ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

സാധാരണയായി പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് അള്‍ട്രാവയലറ്റ് രശ്മികളുടെ സ്വാധീനം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്. 

അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


പ്രത്യേകിച്ച് പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണം. ചര്‍മ്മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

ശരീരം മുഴുവന്‍ മറയുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് സൂര്യരശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സഹായിക്കും. 

മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും അള്‍ട്രാവയലറ്റ് തോത് ഉയര്‍ന്ന നിലയിലായിരിക്കുമെന്നും, ജലാശയങ്ങള്‍ക്കും മണല്‍ നിറഞ്ഞ പ്രദേശങ്ങള്‍ക്കും സമീപം സൂര്യപ്രകാശം പ്രതിഫലിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ഇടങ്ങളിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

Tags

Share this story

From Around the Web