റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ കത്തീഡ്രലിന് കേടുപാടുകള്‍. വിശ്വാസികളില്‍ ആര്‍ക്കും പരിക്കില്ല.ദേവാലയത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു
ഖാര്‍കിവ്: റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ ഖാര്‍കിവിലുള്ള യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ കത്തീഡ്രല്‍ ദേവാലയത്തിന് കേടുപാടുകള്‍. സെന്റ് നിക്കോളാസ് ദി വണ്ടര്‍വര്‍ക്കര്‍ കത്തീഡ്രലിനാണ് റഷ്യന്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. മിസൈലിന്റെ ഭാഗങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് ദേവാലയത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നതായും സമുച്ചയത്തിന്റെ പരിസരത്തു നാശനഷ്ടങ്ങളുണ്ടായതായും ഇടവക നേതൃത്വം അറിയിച്ചു.
ആക്രമണത്തില്‍ കത്തീഡ്രലിലെ വിശ്വാസികളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിശ്വാസികള്‍ സുരക്ഷിതരാണെന്നത് ആശ്വാസകരമാണെങ്കിലും, ദേവാലയത്തിന്റെ ഭൗതിക ഘടനയ്ക്ക് നാശം സംഭവിച്ചിട്ടുള്ളത് ദുഃഖകരമാണെന്നും സഭാനേതൃത്വം അറിയിച്ചു. ഖാര്‍കിവില്‍ റഷ്യ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് കത്തീഡ്രലിനും കേടുപാടുകള്‍ സംഭവിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ച ഓര്‍ത്തഡോക്‌സ് ആശ്രമമായ കീവ് പെച്ചേര്‍സ്‌ക് ലാവ്രയില്‍ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡോര്‍മിഷന്‍ കത്തീഡ്രല്‍ റഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ അഗ്‌നിയ്ക്കിരയായിരിന്നു. യുദ്ധത്തിനിടെ യുക്രൈനിലെ നിരവധി ആരാധനാലയങ്ങളും സഭാസ്ഥാപനങ്ങളും വലിയ നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഖാര്‍കിവിലെ കത്തീഡ്രലിന് നേരെയുണ്ടായ ആക്രമണം ഇതിന്റെ അവസാന ഉദാഹരണമാണ്.