റഷ്യ - ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഉക്രൈനെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് രാജ്യത്തെ ലത്തീന്‍ സഭ
റഷ്യ - ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഉക്രൈനെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് രാജ്യത്തെ ലത്തീന്‍ സഭ.
2025-ലെ പ്രത്യാശയുടെ ജൂബിലി വര്‍ഷം അവസാനിച്ചതിന്റെ കൂടി പശ്ചാത്തലത്തില്‍ ജനുവരി 16 വെള്ളിയാഴ്ച ഒരുമിച്ച് കൂടിയ ലത്തീന്‍ റീത്തിലെ മെത്രാന്മാര്‍ കമ്മ്യൂണിസ്‌റ് പീഡനങ്ങള്‍ സഹിച്ച ഉക്രൈനിലെ കത്തോലിക്കാസഭയില്‍ 1991 ജനുവരി 16-ന് രൂപതകള്‍ പുനഃസ്ഥാപിക്കുകയും മെത്രാന്മാരെ നിയമിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കീഴില്‍നടന്ന സഭാ നവീകരണത്തിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തില്‍ 2026-നെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിക്കുകയായിരുന്നു.
രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നടന്ന വിശുദ്ധ ബലിയില്‍ രാജ്യത്തെ അപ്പസ്‌തോലിക നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് വിസ്വാള്‍ദാസ് കുല്‍ബോക്കാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ ബലിയുടെ അവസാനം എല്ലാ രൂപതകളിലേക്കും വേണ്ട യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം വെഞ്ചരിച്ചു.
ഉക്രൈനിലെ ലത്തീന്‍ മെത്രാന്‍സമിതി പ്രസിഡന്റും, ലൂത്സ്‌ക് രൂപതാദ്ധ്യക്ഷനുമായ ബിഷപ് വിത്താലി സ്‌കൊമറോവിസ്‌കിയാണ് വിശുദ്ധ ബലിമധ്യേ സമര്‍പ്പണ പ്രാര്‍ത്ഥന നയിച്ചത്.
ഏറെ വര്‍ഷങ്ങള്‍ മതപീഡനം സഹിച്ച രാജ്യത്തെ കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസത്തെ വിലമതിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ധൈര്യപൂര്‍വ്വം ചെയ്ത പ്രവൃത്തികള്‍ക്ക് നന്ദി പറയാന്‍ കൂടിയാണ് ഇന്ന് മേത്രന്മാരും വൈദികരും സന്ന്യസ്തരും വിശ്വസതികളും ബെര്‍ദിച്ചിവിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് ലെയോപൊളി ലത്തീന്‍ ആര്‍ച്ച്ബിഷപ് മിയെര്‍സിസ്ലാവ് മൊര്‍സിസ്‌കി വത്തിക്കാന്‍ മീഡിയയോട് പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് പോലും രാജ്യത്തെ ക്രൈസ്തവരുടെ വിശ്വാസത്തെ തോല്‍പ്പിക്കാനോ നശിപ്പിക്കാനോ കഴിഞ്ഞില്ലെന്നും തുടര്‍ച്ചയായ പ്രാര്‍ത്ഥനയാണ് ക്രൈസ്തവര്‍ക്ക് സഹായമായതെന്നും ആര്‍ച്ച്ബിഷപ് മൊര്‍സിസ്‌കി പ്രസ്താവിച്ചു.
യുദ്ധങ്ങളും സംഘര്‍ഷങ്ങളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഇക്കാലത്ത് പോലും സഭ പ്രത്യാശ വിതച്ചുകൊണ്ട് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിന്മയുടെമേല്‍ നന്മ വിജയം വരിക്കുമെന്ന പ്രത്യാശ പകരുന്നതാണ് യേശുവിന്റെ ഹൃദയമെന്നും, ആ ഹൃദയത്തിന്, മാനവികതയെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഭീകരമായ യുദ്ധം നമ്മുടെ കുടുംബങ്ങളിലും ഹൃദയത്തിലും ഉളവാക്കിയ മുറിവുകള്‍ സൗഖ്യപ്പെടുത്താനാകുമെന്നും ലെയോപൊളി ആര്‍ച്ച്ബിഷപ് പ്രസ്താവിച്ചു.
ആഗോളസഭ ഉക്രൈനോട് കാണിക്കുന്ന ഐക്യദാര്‍ഢ്യത്തിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.