ദയാവധ ബില്ലിന് 'നോ' പറഞ്ഞ് യുകെ പാര്‍ലമെന്റ്

 
u k parlament

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരക രോഗം ബാധിച്ചവര്‍ക്ക്, വൈദ്യസഹായത്തോടെ ദയാവധം നടത്തുവാനുള്ള ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലാണ് പ്രമേയം പരാജയപ്പെട്ടത്. നാല് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ബില്ലിനെതിരായി 286 പ്രതിനിധികള്‍ വോട്ട് ചെയ്യുകയായിരിന്നു. ബില്ലിനെതിരെ കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയും ശക്തമായി രംഗത്തുവന്നിരുന്നു. നിയമനിര്‍മ്മാണം തെറ്റാണെന്നും വന്‍ അപകടസാധ്യതയുള്ളതാണെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കിയിരിന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആറ് മാസത്തില്‍ താഴെ മാത്രം ആയുസ്സ് പ്രവചിക്കപ്പെട്ട മാരക രോഗികളായ മുതിര്‍ന്നവര്‍ക്ക്, രണ്ട് ഡോക്ടര്‍മാരുടെയും വിദഗ്ധ സമിതിയുടെയും അനുമതിയോടെ ജീവിതം അവസാനിപ്പിക്കാന്‍ അനുവാദം നല്‍കുന്നതായിരുന്നു നിയമനിര്‍മ്മാണം. രണ്ട് വര്‍ഷമായി തുടരുന്ന പാര്‍ലമെന്ററി ചര്‍ച്ചകള്‍ക്കാണ് ഈ വോട്ടെടുപ്പോടെ വിരാമമായത്. രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണാം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നിയമ നിര്‍മ്മാണത്തിന് പകരം പാലിയേറ്റീവ് കെയര്‍ (വേദനസംഹാരി പരിചരണ) സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹം ബലഹീനരെയും രോഗികളെയും സംരക്ഷിക്കുകയാണ് വേണ്ടതെന്നും, ആത്മഹത്യാ പ്രതിരോധം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും കത്തോലിക്ക സഭാനേതൃത്വം വ്യക്തമാക്കി. ദൈവീക ദാനമായ മനുഷ്യജീവന്‍ ജനനം മുതല്‍ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണമെന്ന സഭയുടെ അടിസ്ഥാന ധാര്‍മ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അതീതമായി, ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്നാണ് സഭ പഠിപ്പിക്കുന്നത്.

Tags

Share this story

From Around the Web