ഉഗാണ്ടയില്‍ ക്രിസ്തുമതം സ്വീകരിച്ചതിന് പെണ്‍മക്കളെ ജീവനോടെ തീകൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച് പിതാവ്
ക്രിസ്തുമതം സ്വീകരിച്ചതിലുള്ള വിരോധം കാരണം രണ്ട് പെണ്‍മക്കളെ ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന് തീയിട്ട് ജീവനോടെ കൊലപ്പെടുത്താന്‍ പിതാവ് ശ്രമിച്ചതായി റിപ്പോര്‍ട്ട്.
ഉഗാണ്ടയിലെ കാസെസെ ജില്ലയിലെ കിബെംഗെ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പെണ്‍മക്കളായ അമീന, ഷമില എന്നിവരാണ് പിതാവ് മുഹമ്മദിന്റെ കൊലപാതക ശ്രമത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് സഹോദരിമാരായ അമീനയും ഷമിലയും ക്രിസ്തുമതം സ്വീകരിച്ചത്. ഇതില്‍ പ്രകോപിതനായ പിതാവ് മുഹമ്മദ്, ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാനെന്ന പേരില്‍ സെപ്റ്റംബര്‍ ആറിന് അര്‍ദ്ധരാത്രിയോടെ ഇരുവരും ഉറങ്ങിക്കിടന്ന വീടിന് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.
പുകയുടെ മണവും തീജ്വാലകളും കണ്ട് ഉണര്‍ന്ന പെണ്‍മക്കള്‍, വീടിന്റെ ഭിത്തിയിലെ ഇഷ്ടികകള്‍ ഇളക്കിമാറ്റി അതിലൂടെ പുറത്തുചാടിയാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളായ ക്രിസ്ത്യന്‍ അയല്‍ക്കാരും പ്രാദേശിക നേതാക്കളും ചേര്‍ന്നാണ് പെണ്‍കുട്ടികള്‍ക്ക് അടിയന്തര സഹായം നല്‍കി.
തീപിടുത്തത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. എങ്കിലും ജീവന്‍ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇരുവരും.
''തീ ഞങ്ങളുടെ അഭയകേന്ദ്രം കവര്‍ന്നെടുത്തു, എന്നാല്‍ യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ വിശ്വാസത്തെയോ പ്രതീക്ഷയെയോ തകര്‍ക്കാന്‍ അതിനായില്ല''- പെണ്‍കുട്ടികളില്‍ ഒരാളായ അമീന പറഞ്ഞു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രാദേശിക സഭാ നേതൃത്വവും ജനപ്രതിനിധികളും രംഗത്തെത്തി. മതാന്ധതയുടെ പേരില്‍ സ്വന്തം മക്കളോട് നടത്തുന്ന ഇത്തരം ക്രൂരതകള്‍ ഉഗാണ്ടന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കുറ്റക്കാരനായ പിതാവിനെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു.