യുഡിഎഫിന് ഉണ്ടായ തിരിച്ചടി എം.എല്‍.എമാര്‍ക്കുള്ള മുന്നറിയിപ്പ്.102 സീറ്റ് നല്‍കിയ ആത്മ വിശ്വാസത്തില്‍ അടുത്ത തവണയും വിജയിക്കാമെന്ന ധാരണയും എം.എല്‍.എമാരുടെ മോശം പ്രകടനത്തിനു പിന്നില്‍
കോട്ടയം: തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന് ഉണ്ടായ തിരിച്ചടി എം.എല്‍.എമാര്‍ക്കുള്ള മുന്നറിയിപ്പ്. പല എം.എല്‍.എമാരുടെയും പ്രവര്‍ത്തനങ്ങള്‍ ബിലോ ആവറേജ് മാത്രം.മോശം പ്രകടനത്തെത്തുടര്‍ന്ന് പാര്‍ട്ടി എം.എല്‍.എമാര്‍ക്കു പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ചങ്ങനാശേരി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട വിനു ജോബ് സ്ഥാനം ഒഴിഞ്ഞ തൃക്കൊടിത്താനം ഡിവിഷനില്‍ യുഡിഎഫിനു തിരിച്ചടി നേരിട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തങ്ങളുടെ കോട്ടയെന്നു വിശ്വസിച്ചിരുന്ന തൃക്കൊടിത്താനത്ത് 734 വോട്ടുകള്‍ക്കു വിനു ജോബ് വിജയിച്ചത്. അന്നു പരാജയപ്പെട്ട മഞ്ജു സുജിത്ത് ഇരട്ടിയിലധികം ഭൂരിപക്ഷം നേടിയാണു സീറ്റ് പിടിച്ചെടുത്തത്. സ്ഥലം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട വിനു ജോബിനോടുള്ള അതൃപികൂടിയാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രകടമായെതന്നാണ് വിലയിരുത്തല്‍.
ചിറയിന്‍കീഴ് നിയമസഭ മണ്ഡല പരിധിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു കനത്തി തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. 395 വോട്ടിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണു ജയിച്ചത്. 593 വോട്ടിനു കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച സീറ്റാണിത്. ചിറയിന്‍കീഴ് നിയമസഭ മണ്ഡലത്തിനു കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യു.ഡി.എഫിന് നഷ്ടമായി. എല്‍.ഡി.എഫിലെ രമ്യ തുളസി 440 വോട്ടും യു.ഡി.എഫിലെ അജന്ത ഷിജി 301 വോട്ടുമാണു ലഭിച്ചത്.
രമ്യ ഹരിദാസും സഹായി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കൈയാങ്കളി കോണ്‍ഗ്രസിനു വലിയ തലവേദനയായിരുന്നു. കെ.പി.സി.സി നേതൃത്വം ഇടപെട്ട് എം.എല്‍.എയ്ക്കുള്‍പ്പെടെ താക്കീത് നല്‍കിയാണ് പ്രശ്നം അവസാനിപ്പിച്ചത്. എന്നാല്‍, പ്രദേശിക തലത്തില്‍ പാര്‍ട്ടിയിലെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണു ഫലം സൂചിപ്പിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാര്‍ഡിലും എല്‍.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച പെരളശേരി പഞ്ചായത്തിലെ ആറാം വാര്‍ഡായ ബാവോട് ഈസ്റ്റ് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു.
എം.എല്‍.എമാർ മണ്ഡലങ്ങളിലെ പൊതുചടങ്ങുകളില്‍ വെറുതെ മുഖം കാണിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നും, തുടര്‍ച്ചയായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എം.എല്‍.എമാര്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നാണു പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 102 സീറ്റുകളുടെ ആത്മവിശ്വാസത്തില്‍ പല എം.എല്‍.എമാരും ജനങ്ങളെ മറന്നുള്ള നിലപാടാണു സ്വീകരിക്കുന്നതെന്ന രൂക്ഷമായ വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കണ്ട് പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.